മുക്കം:കൃഷി വകുപ്പിന്റെ ആഹ്വാന പ്രകാരം വീട്ടില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകര്‍ ദുരിതത്തില്‍ . പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത സബ്സിഡികള്‍ കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റും പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്.
പ്ലാന്റുകള്‍ സ്ഥാപിച്ച് ഉപയോഗ യോഗ്യമായതായി കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതോടെ സബ്സിഡി ലഭിക്കുമെന്നായിരുന്നു കൃഷിവകുപ്പില്‍ നിന്നുള്ള വാഗ്ദാനം.
എന്നാല്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സബ്സിഡി കര്‍ഷകര്‍ക്ക് ലഭിച്ചില്ല. നാഷണല്‍ ബയോഗ്യാസ് & മാനുവല്‍ മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി 2017-18 വര്‍ഷത്തില്‍ 894 പേരാണ് സംസ്ഥാനത്ത് പ്ലാന്റുകള്‍ സ്ഥാപിച്ചത്.
94.4 ലക്ഷം ഈയിനത്തില്‍ സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കാനുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് വകയിരുത്താത്തതാണ് പ്രതിസന്ധിയുടെ യാഥാര്‍ഥ കാരണമെന്നും ഇവര്‍ പറഞ്ഞു. ആദ്യം പദ്ധതിക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തും. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കും.
ശേഷം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ ചെലവായ തുക കേന്ദ്രം അനുവദിക്കും. ഇതില്‍ സംസ്ഥാനം നേരത്തെ നല്കിയ തുക സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുക്കും. എന്നാല്‍ 2017-18 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് നീക്കിവച്ചില്ല.
94.4 ലക്ഷം വേണ്ടിടത്ത് ബജറ്റില്‍ നീക്കിവെച്ചത് ഒരു ലക്ഷം മാത്രം. ഇതോടെ കര്‍ഷകര്‍ക്ക് സബ്സിഡിയും നല്‍കാനായില്ല.സ്വാഭാവികമായും യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റും ലഭിച്ചില്ല. ഇത് ഹാജരാക്കിയാല്‍ മാത്രമെ കേന്ദ്രം ഫണ്ട് അനുവദിക്കൂ. സര്‍ക്കാരിന്റെ ഈ നയം മൂലം പ്രതിസന്ധിയിലായത് സാധാരണ കര്‍ഷകരാണ്.