ആലപ്പുഴ: നഗരത്തിലെ വീടുകളിലെ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ പലതും ആവശ്യമായ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ പ്രവർത്തനരഹിതമാകുന്നുവെന്ന് പരാതി. വളരെ പ്രയോജനകരമായ പദ്ധതി തുടർ നടപടി ഇല്ലാത്തതിനാലാണ് ഇങ്ങനെ നാശമാകുന്നത്. ന്യായമായ നിരക്കിൽ സർവീസ് ചെയ്തു നിലനിർത്താൻ വിദഗ്ധരായ തൊഴിലാളികളെയാണ് പ്ലാന്റ് ഉടമകൾ തേടുന്നത്.
പ്ലാന്റുകൾ സ്ഥാപിക്കുന്നതിനോടൊപ്പം അറ്റകുറ്റപ്പണികൾക്കായി പരിശീലനം നല്കിയവരെയും രംഗത്തിറക്കുമെന്നാണ് ഗാർഹിക ബയോഗ്യാസ് പ്ലാന്റ് പദ്ധതിക്കു നേതൃത്വം നല്കിയിരുന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുണ്ടായില്ല.
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നിർമല ഭവനം നിർമല നഗരം പട്ടണ ശുചിത്വ പരിപാടിയുടെ ഭാഗമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകൾ ദിവസേന വൻതോതിലാണ് ഖരജൈവമാലിന്യങ്ങൾ സംസ്ക്കരിക്കുകയും പാചകവാതകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നത്. ഇടയ്ക്ക് പച്ച ചാണകം ഇട്ടുകൊടുത്താലെ പാചക ഉത്പാദനം മെച്ചപ്പെട്ട രീതിയിൽ നടക്കൂ. എന്നാൽ പട്ടണത്തിൽ ചാണക ലഭ്യത പരിമിതമാണ്.
താത്പര്യത്തോടെ പ്ലാന്റ് സ്ഥാപിച്ചവർ ഫലത്തിൽ മനസുമടുക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് ആക്ഷേപം. സ്റ്റൗവ് നന്നാക്കാനും മറ്റും വലിയ ചാർജാണ് ഈടാക്കപ്പെടുന്നതും.ബയോ ഗ്യാസ് പ്ലാന്റുകളുടെ തുടക്കകാലത്ത് 2012ലെ അനെർട്ട് ബയോഗ്യാസ് പ്ലാന്റ് നിർമാണ പരിപാടിയിൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്ത് ആദ്യ പ്ലാന്റ് ഉദ്ഘാടനം ചെയ്തത് തത്തംപള്ളി റസിഡന്റ്സ് ആസോസിയേഷനിലായിരുന്നു.
ബയോഗ്യാസ് പ്ലാന്റുകൾ ധാരാളമായി സ്ഥാപിതമാകുന്നതിനൊടൊപ്പം പ്ലാന്റുകളുടെയു സ്റ്റൗവുകളുടെയും അറ്റകുറ്റപ്പണികൾക്കു കഴിവുള്ള മികച്ച തൊഴിലാളികളെ വളർത്തിയെടുക്കാനുള്ള പദ്ധതി തയാറാക്കുമെന്നാണ് 2012 ഒക്ടോബർ അഞ്ചിനു ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ഉറപ്പുനല്കിയിരുന്നത്.
മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സാധിക്കുന്നതിനോടൊപ്പം വിലയേറിയ പാചകവാതകവും വളവും ലഭ്യമാകും എന്നതായിരുന്നു പ്ലാന്റിന്റെ മേ·യും . എന്നാൽ അറ്റകുറ്റപ്പണികൾക്ക് ആളെ കിട്ടാതായതോടെ പലയിടങ്ങളിലും ഇത് കൊതുകുവളർത്തൽ കേന്ദ്രമായി.
ബയോഗ്യാസ് പ്ലാന്റുകൾ കൊതുകു വളർത്തലിനു വഴിയൊരുക്കുന്നതിനാൽ പ്രതിരോധ നടപടികൾ കണ്ടെത്തണമെന്ന ആവശ്യം സർക്കാർ ഇത്രയും വർഷങ്ങളായിട്ടും പരിഗണിച്ചിട്ടില്ല. മണ്ണെണ്ണയൊഴിച്ചു കൂത്താടികളെ നശിപ്പിക്കാനാണ് പലരും നിർദേശിക്കുന്നത്. ഇതു സ്ഥിരമായി ചെയ്യുന്നതും പ്രായോഗികമല്ലെന്നാണ് പ്ലാന്റ് ഉടമകളുടെ വാദം.