പത്തനംതിട്ട: ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുകയും അതിനോടൊപ്പം മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബയോഗ്യാസ് പ്ലാന്റ് പ്രവര്ത്തനലക്ഷ്യത്തിലേക്ക്.
സ്കൂളിലെ സോഷ്യോ ഇക്കോളജിക്കല്‍ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പ്ലാന്റില്‍ കുട്ടികള്‍ കഴിക്കുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങളും സ്കുളില്‍ ഉച്ചഭക്ഷണം തയാറാക്കിയതിന്റെ മലക്കറി അവശിഷ്ടങ്ങളും മിച്ചംവന്ന ചോറ്, കഞ്ഞിവെള്ളം എന്നിവയുമാണ് നിക്ഷേപിക്കുന്നത്.
മുന്‍കാലത്തെ അപേക്ഷിച്ച് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ആഴ്ചയില്‍ ഒരു ഗാര്‍ഹിക പാചകവാതക സിലണ്ടറിന്റെ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്.ഒരു മാസത്തെ കണക്കനുസരിച്ച് ഏകദേശം നാല് സിലണ്ടറിന്റെ ലാഭം കിട്ടുന്നുണ്ടെന്നു സോഷ്യോ ഇക്കോളജിക്കല്‍ സെന്റര്‍ ഡയറക്ടറും മാനേജ്മെന്റ് പ്രതിനിധിയുമായ ഡോ.ആര്. സുനില്‍ കുമാര്‍ അറിയിച്ചു. 25 എംക്യൂബ് ചുറ്റളവില്‍ വലിയ പ്ലാന്റാണ് പ്രവര്‍ത്തിക്കുന്നത്.
പ്ലാന്റില്‍നിന്നും ലഭിക്കുന്ന സ്ലറി വളമായിട്ട് ഉപയോഗിക്കുന്നുണ്ട്. സ്കൂളിലെ അജൈവമാലിന്യങ്ങളും തരംതിരിച്ചു മാറ്റുന്ന സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുണ്ടെന്ന് പ്രഥമാധ്യാപിക സി. ശ്രീലത പറഞ്ഞു.