ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാന്‍ മാരക വിഷം പുരട്ടിയ കത്ത് അയച്ച കേസിൽ ഫ്രഞ്ച്-കനേഡിയൻ വനിതയ്ക്ക് യുഎസിൽ 22 വർഷം തടവ്. 56കാരിയായ പാസ്കൽ ഫെറിയറിനാണ് ശിക്ഷ. കഴിഞ്ഞ ജനുവരിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ പൂർത്തിയായ ശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജൈവവിഷമായ റൈസിന് പൊടി പുരട്ടിയ കത്ത് പാസ്കൽ ഫെറിയർ വൈറ്റ് ഹൗസിലേക്ക് അയച്ചത്. ജൈവായുധ പ്രയോഗം കൊണ്ട് ട്രംപിനേയും മറ്റു ചില അമേരിക്കന്‍ ഉദ്യോഗസ്ഥരേയും വധിക്കുക എന്നതായിരുന്നു ലക്ഷ്യം.
റൈസിൻ പുരട്ടിയ ആറു കത്തുകളാണ് അയച്ചത്. ഒന്ന് വൈറ്റ് ഹൗസിലേക്കും അഞ്ചെണ്ണം ടെക്സാസ് നിയമ വകുപ്പ് ഓഫീസുകളിലേക്കും. എന്നാല്‍ കത്ത് ട്രംപിന്റെ കൈയിലെത്തും മുന്നേതന്നെ നശിപ്പിക്കുകയായിരുന്നു. കത്തിൽ പാസ്കൽ ഫെറിയറുടെ വിരലടയാളം എഫ്ബിഐ കണ്ടെത്തി.
ഫ്രാൻസിലെയും കാനഡയിലെയും ഇരട്ട പൗരത്വമുള്ള ഫെറിയർ, 2020 സെപ്റ്റംബറിൽ അതിർത്തി കടന്ന് ന്യൂയോർക്കിലെ ബഫല്ലോയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോൾ തോക്കും കത്തിയും വെടിയുണ്ടകളും കൈവശം ഉണ്ടായിരുന്നു.
ഫെറിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. 2019ല്‍ നിയമവിരുദ്ധമായി ആയുധം കൈയിൽ വച്ചതിനും വ്യാജ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിനും ഫെറിയറിനെ അറസ്റ്റ് ചെയ്തിരുന്നു.