കണ്ണൂർ: മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർഥിക്ക് ബയോളജിക്ക് നഷ്ടമായത് എ പ്ലസ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിച്ച കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയ്ക്ക് റിസൾട്ട് വന്നപ്പോൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി.
എ പ്ലസ് കിട്ടാതെ വന്ന വിഷയത്തിന്റെ പേപ്പർ റിവാല്യുവേഷന് കൊടുക്കുകയും കൂടാതെ 200 രൂപ അധികമായി അടച്ച് ഉത്തരക്കടലാസ് കൈയിൽ വാങ്ങുകയും ചെയ്തു. അപ്പോഴാണ് തനിക്ക് എവിടെയാണ് മാർക്ക് പോയതെന്ന് ധ്യാനിന് മനസിലായത്.
സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 40 നു പകരം 30 എന്നാണ് അധ്യാപകൻ രേഖപ്പെടുത്തിയത്. അതാണ് വിദ്യാർഥിക്ക് എപ്ലസ് നഷ്ടമാകാൻ കാരണം. വൈകിയെങ്കിലും എ പ്ലസ് ലഭിക്കുകയും മാർക്ക് നഷ്ടപ്പെട്ടതിന്റെ കാരണം അറിയുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് ധ്യാനും കുടുംബവും പറഞ്ഞു.