സ്വന്തം ലേഖിക
കണ്ണൂർ: ഉറവിട ജൈവ മാലിന്യ സംസ്കരണം ശക്തിപ്പെടുത്താനായി കൊണ്ടുവന്ന സംസ്കരണ പ്ലാന്റുകളും ബയോ പ്ലാന്റുകളും പലയിടത്തും പ്രവർത്തനരഹിതം. ഉപയോഗശൂന്യമായ ബയോപ്ലാന്റുകൾ മീൻ വളർത്തൽ കേന്ദ്രമായിരിക്കുകയാണ്. വിവിധ പദ്ധതികളിലൂടെയാണ് മാലിന്യസംസ്കരണ പ്ലാന്റുകളും ബയോപ്ലാന്റുകളും വിതരണം ചെയ്തത്.
വീടുകളില്‍നിന്നു മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കി ഉറവിടത്തില്‍ മാലിന്യ സംസ്കരണത്തിന് മാര്ഗമൊരുക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. മുമ്പ് ഇത്തരത്തിലുള്ള പദ്ധതിയുണ്ടെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവ കാര്യക്ഷമമായത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ശുചിത്വ മിഷന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ നല്‍കും. ബയോബിന്‍, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് എന്നിവയാണ് പദ്ധതിയിലൂടെ സ്ഥാപിച്ചു നല്‍കുന്നത്.
ബയോപ്ലാന്റ് 70 ശതമാനം സബ്സിഡിയിലും മറ്റുള്ളവ 90 ശതമാനം സബ്സിഡി നിരക്കിലുമാണ് നല്‍കുന്നത്. എന്നാല്‍, ഇത്തരത്തില്‍ നല്കുന്ന മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ ഉപഭോക്താക്കള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടോയെന്ന് പിന്നീട് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തുന്നില്ല.
അതിനാല്‍ പലയിടത്തും ഉപകരണങ്ങള്‍ നശിക്കുകയും കാര്യക്ഷമമല്ലാതാകുകയും ചെയ്തിരിക്കുകയാണ്.കുറ്റ്യാട്ടൂര്‍ പഞ്ചായത്തില്‍ നല്കിയ 159 ഉപകരണങ്ങളില്‍ ഒന്നു മാത്രമാണ് പ്രവർത്തിക്കുന്നതെന്ന പരാതിയുമുണ്ട്. കണ്ണൂർ ജില്ലയില്‍ പലയിടത്തും ഇത്തരം പരാതികള്‍ ഉപഭോക്താക്കള്‍ ഉന്നയിക്കുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ പൂര്‍ണ ഉത്തരവാദിത്വം. എന്നാല്‍ ഇവര്‍ പദ്ധതിപ്രകാരം ഉപഭോക്താക്കള്‍ക്ക് ഉപകരണം നല്കുകയല്ലാതെ പിന്നീട് അവര്‍ അത് എന്തു ചെയ്യുന്നുവെന്ന് അന്വേഷിക്കുന്നില്ല. പഞ്ചായത്തിന്റെ കീഴില്‍ കൃത്യമായി ബോധവത്കരണവും പരിശോധനയുമില്ലാത്തതാണ് ഇത്തരം മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനുള്ള ഒരു കാരണവും.
തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ബന്ധിത പദ്ധതികളില്‍ ഒന്നാണ് മാലിന്യസംസ്കരണം. പ്ലാന്‍ ഫണ്ടിന്റെ പത്തു ശതമാനം നിര്‍ബന്ധമായും മാലിന്യ സംസ്കരണത്തിന് മാറ്റിവയ്ക്കണം. അതിനാല്‍, കീഴ്വഴക്കം പോലെ എല്ലാവര്‍ഷവും കുറച്ചുപേര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്.
തദ്ദേശസ്ഥാപനങ്ങള്‍ നല്കുന്ന പദ്ധതി പരിഗണിച്ചാണ് ജില്ലാ ശുചിത്വമിഷന് ഉപകരണങ്ങള്‍ നല്‍കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ ഉപകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുമുമ്പ് ഇവയുടെ പ്രവര്‍ത്തങ്ങളെക്കുറിച്ച് കൃത്യമായ ക്ലാസ് നല്‍കേണ്ടതുണ്ട്. ഏത് എജന്‍സിയുടെ ഉപകരണങ്ങളാണോ നല്‍കുന്നത് അവരുടെ പ്രതിനിധിതന്നെ ക്ലാസുകള്‍ നല്‍കണം.
എന്നാല്‍, നിശ്ചിത ദിവസം തീരുമാനിച്ച് ഉപകരണങ്ങള്‍ നല്കുകയല്ലാതെ ക്ലാസുകളൊന്നും പലരും നല്‍കുന്നില്ല. കൂടാതെ ഉപകരണം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പഞ്ചായത്തധികൃതര്‍ അത് ബന്ധപ്പെട്ട വിതരണ കമ്പനികളെ അറിയിക്കേണ്ടതാണ്.
അതേമയം മാലിന്യസംസ്കരണ പ്ലാന്റുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും പഞ്ചായത്തധികൃതര്‍ക്ക് അധികാരമുണ്ട്.
ഉപഭോക്താക്കളില്‍ ചിലര്‍ ഇത്തരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഇടാന്‍ പാടില്ലാത്ത മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും അതുവഴി ഉപകരണം പ്രവര്‍ത്തന രഹിതമാകുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാങ്കേതികമായി സഹായിക്കുകയും പ്രചരണം നല്‍കുകയും ചെയ്യുകയെന്നതാണ് ശുചിത്വമിഷന് ചെയ്യുന്നതെന്ന് ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി.എം. രാജീവ് പറഞ്ഞു.
അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുചിത്വമിഷനെ ബന്ധപ്പെടാം. അതേസമയം തദ്ദേശസ്ഥാപനതലത്തിലെ ഗുണഭോക്താക്കളില്‍ വരുന്ന പ്രശ്നങ്ങള്‍ അവര്‍തന്നെ പരിഹരിക്കേണ്ടതാണ്. ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളില്‍ മതിയായ സാങ്കേതിക വിദഗ്ധർ ഇല്ലായെങ്കില്‍ അവര്‍ക്കു വേണ്ട പരിശീലനം ശുചിത്വമിഷന് നല്‍കുന്നുണ്ട്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രശ്നങ്ങളും തദ്ദേശസ്ഥാനങ്ങളിലെ ബന്ധപ്പെട്ടവര്‍ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.