എടത്വ: കിഡ്നി മാറ്റിവയ്ക്കാൻ വേണ്ട 15 ലക്ഷത്തോളം രൂപ സ്വരൂപിച്ചെങ്കിലും അമ്മയുടെ കിഡ്നി പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ എടത്വ മഞ്ഞുമ്മേൽ പരേതനായ കുഞ്ഞുമോന്റെ മകൻ സെബാസ്റ്റ്യൻ ജോസഫിന്റെ (ബിബിൻ-14) കുടുംബം. വിധവയായ അമ്മ കൊച്ചുറാണി സെബാസ്റ്റ്യന്റെ കിഡ്നി നാളെ ബിബിന് മാറ്റിവയ്ക്കാൻ തയാറെടുക്കുകയായിരുന്നു.
മെഡിക്കൽ ബോർഡിലെ വിദഗ്ധ ഡോക്ടർമാർ കഴിഞ്ഞദിവസം അവസാന വട്ട പരിശോധന നടത്തുന്നതിനിടയിലാണ് അമ്മയുടെ കിഡ്നി മാറ്റിവയ്ക്കാൻ പറ്റില്ലെന്ന് അറിയിച്ചത്. ബി പോസിറ്റീവ് ഗ്രൂപ്പിൽ പെട്ട മറ്റാരുടെയെങ്കിലും കിഡ്നി കിട്ടിയെങ്കിൽ മാത്രമേ ഇനി ബിബിന്റെ ജീവൻ രക്ഷിക്കാൻ കഴിയു എന്ന അവസ്ഥയിലാണ്. ഈ നിർധന കുടുംബത്തെ രക്ഷിക്കാനായി കാരുണ്യമതിയായ കിഡ്നി ദാതാവിനെ കാത്തിരിക്കുകയാണ് ഈ കുടുംബം.
എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയായ ബിപിന്റെ ജീവൻ രക്ഷിക്കാനായി കഴിഞ്ഞ ദിവസം എടത്വ ഗ്രാമം കൈകോർത്തപ്പോൾ ലഭിച്ചത് 15,32,791 രൂപയായിരുന്നു. ഇരു കിഡ്നികളും തകരാറിലായി എറണാകുളം ലിസി ആശുപത്രിയിലാണ് ബിബിൻ ചികിത്സയിൽ കഴിയുന്നത്. അമ്മ കൊച്ചുറാണിയുടെ ഫോണ് നന്പർ : 9947232309.