ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പരാതി പറഞ്ഞ സൈനികനെതിരേ നടപടിയ്ക്കു സാധ്യത. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി കാക്കുന്ന ഒരാളുടെ ധാര്‍മിതകയ്ക്കു നിരക്കാത്ത കാര്യമാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള പരാതി പറയല്‍ എന്നും റാവത്ത് വ്യക്തമാക്കി. കരസേനാ ദിനാഘോഷ വേളയിലായിരുന്നു റാവത്ത് ഇക്കാര്യം പറഞ്ഞത്.
ഏതെങ്കിലും ജവാന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അതു പരിഹരിക്കാന്‍ കൃത്യമായ വഴികളുണ്ട്. അതു കൊണ്ടും അയാള്‍ സംതൃപ്തനായില്ലെങ്കില്‍ തന്നോട് നേരിട്ടു പറയാമെന്നും റാവത്ത് വ്യക്തമാക്കുന്നു. ചട്ടങ്ങള്‍ ആരു ലംഘിച്ചാലും അതിനു തീര്‍ച്ചയായ ശിക്ഷ കിട്ടിയിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തരമൊരു അഭിപ്രായ പ്രകടനം സോക്ഷ്യല്‍ മീഡിയയില്‍ നടത്തിയാല്‍ രാജ്യത്തെ സേവിക്കുന്ന ധീരജവാന്മാരില്‍ അത് വിപരീതഫലമുണ്ടാക്കുമെന്നും റാവത്ത് പറയുന്നു.
ഇതോടൊപ്പം പാകിസ്ഥാന് ഇന്ത്യയ്ക്കെതിരേ നടത്തുന്ന നിഴല്യുദ്ധങ്ങളെപ്പറ്റിയും റാവത്ത് പരാമര്‍ശിച്ചു. നിയന്ത്രണരേഖയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ആവുന്ന വിധത്തിലെല്ലാം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന് ചുട്ടമറുപടി നല്‍കുമെന്നും റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ കുറേ മാസമായി ജമ്മുകാഷ്മീര്‍ സംഘര്‍ഷഭരിതമാണെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കുമെന്നും റാവത്ത് പറഞ്ഞു.