ന്യൂഡൽഹി: ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ മിന്നലാക്രമണത്തേക്കാൾ മികച്ച മാർഗങ്ങളുണ്ടെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രകോപനം തുടരുന്ന പാക്കിസ്ഥാനെ നേരിടാൻ മിന്നലാക്രമണത്തേക്കാൾ മികച്ച മാർഗങ്ങളുണ്ട്. നമ്മളുടേത് അച്ചടക്കമുള്ള സേനയാണ്. അതിനാൽ തന്നെ തലകൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്ത പാക് സേനയുടെ നടപടി പരാമർശിക്കവെ അദ്ദേഹം വ്യക്തമാക്കി.
ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനിനെ പാക്കിസ്ഥാൻ പിടികൂടുമോ എന്നറിയാൻ കാത്തിരിക്കുകയാണ്. കാഷ്മീർ പ്രശ്നത്തിന് ഏകപരിഹാരം താഴ്വരയിൽ സമാധാനം കൊണ്ടുവരിക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.