കോവിഡ് 19 വൈറസിനെക്കുറിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ തുടരുന്ന തെറ്റായ സന്ദേശങ്ങൾക്കും ദൃശ്യങ്ങൾക്കുമെതിരേ ശബ്ദമുയർത്തി ചലച്ചിത്ര പ്രവർത്തകൻ ബിപിൻ വല്ലശേരി.
കേരളത്തിൽ കോറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തുന്പോൾ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന വാർത്തകളും ദൃശ്യങ്ങളും സോഷ്യൽ മീഡിയ മുഖേന പരക്കുന്ന വേളയിലാണ് പ്രൊഡക്ഷൻ കണ്ട്രോളറായ ബിപിൻ വല്ലശേരി ഫേസ്ബുക്കിലൂടെ വിമർശനവുമായെത്തിയത്.
നിപ വൈറസും മഹാപ്രളവും ഒന്നായി നേരിട്ടവരാണ് നമ്മൾ. ആ അവസ്ഥയിൽ ചൈനയിൽ കോവിഡ് 19 പടർന്നതു പോലെ കേരളത്തിൽ പരക്കുമെന്നുള്ള വാർത്തകൾ കാണുന്പോൾ വളരെ വേദനയുണ്ടെന്നും ബിപിൻ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.
കോവിഡ് 19നു എതിരെ അഹോരാത്രം പ്രയത്നിക്കുകയും വളരെ സുരക്ഷയും മുൻകരുതലുമെടുക്കുന്നവരാണ് നമ്മുടെ ആരോഗ്യമേഖലയും സർക്കാരും. അവർ പ്രയത്നിക്കുന്നത് നമ്മുടെ ഒരു ജീവനും പൊലിയാതിരിക്കാനാണ്.
അതിനാൽ ഇപ്പോഴുണ്ടായ പ്രതിസന്ധിക്കെതിരേയും നമുക്ക് ഒന്നിച്ചു കൈകോർത്തു നിൽക്കാമെന്നും ഒന്നിച്ചു പ്രതിരോധിക്കാമെന്നും ബിപിൻ പറയുന്നു.
ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങൾ സുഹൃത്തുക്കൾ പോലും ഷെയർ ചെയ്യുന്നത് വേദനയുളവാക്കുന്നതായും ബിപിൻ പറയുന്നു.
വൈക്കം സ്വദേശിയായ ബിപിൻ വല്ലശേരി 23 വർഷമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കണ്ട്രോളറാണ്.