അഗർത്തല: മഹാഭാരതകാലത്ത് ഇൻറർനെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്. യൂറോപ്പുകാരും അമേരിക്കക്കാരും ടെലിവിഷൻ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടുമെങ്കിലും യഥാർഥത്തിൽ അത് ഇന്ത്യയുടെ സാങ്കേതിക വിദ്യയാണെന്നും സിപിഎം ഭരണം അവസാനിപ്പിച്ച് അടുത്തിടെ ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബിപ്ലവ് അവകാശപ്പെട്ടു.
മഹാഭാരത യുദ്ധകാലത്തു കൊട്ടാരത്തിൽ ഇരുന്ന അന്ധനായ ധൃതരാഷ്ട്രർക്കു സഞ്ജയൻ യുദ്ധവിവരങ്ങൾ വിവരിച്ചു കൊടുത്തത് ഇൻറർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രർക്കു സഞ്ജയനിലൂടെ കാണാൻ കഴിയുന്നത്. അന്ന് ഇൻറർനെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു.
ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നു- ആർഎസ്എസിലൂടെ മുൻനിര രാഷ്ട്രീയത്തിലേക്കു കടന്നുവന്ന ബിപ്ലബ് പറഞ്ഞു.അതേസമയം, വ്യാസമഹർഷി നൽകിയ പ്രത്യേക വരം അനുസരിച്ചാണ് സഞ്ജയൻ ധൃതരാഷ്ട്രർക്കു കാര്യങ്ങൾ വിവരിച്ചു നൽകിയതെന്നാണു മഹാഭാരതം പറയുന്നത്.
ഇത് ആദ്യമായല്ല ബിജെപി നേതാക്കൾ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ അവകാശവാദമുന്നയിക്കുന്നത്. ഐസക് ന്യൂട്ടണ്‍ ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടുപിടിക്കുന്നതിനു മുന്‍പുതന്നെ ചില പുരാതന മന്ത്രങ്ങളിൽ ചലനനിയമം വിവരിച്ചിരുന്നതായി ഈ വർഷമാദ്യം മോദി സർക്കാരിൽ അംഗമായ സത്യപാൽ സിംഗ് പറഞ്ഞിരുന്നു.