ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലേക്കും അധികാരപരിധി വര്‍ധിപ്പിക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. അഗര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയല്‍രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു.
ത്രിപുര ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചതായി പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാല്‍ പരാമര്‍ശിച്ചു.
ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി അധികാരമുറപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞതായാണ് ബിപ്ലബ് പറയുന്നത്.