തുടര്‍ച്ചയായുണ്ടാവുന്ന കലാപങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം! ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് നല്‍കിയ ഉത്തരം വിവാദത്തില്‍

വിവാദങ്ങള്‍ക്ക് എന്നും പേരുകേട്ട വ്യക്തിയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സിപിഎമ്മിനെ അട്ടിമറിച്ച് അധികാരത്തില്‍ കയറിയ അന്നു മുതല്‍ ഒന്നിനു പുറകേ ഒന്നെന്ന രീതിയില്‍ വിവാദങ്ങളുടെ പുറകേയാണ് ബിപ്ലബ് ദേവ്. ത്രിപുരയിലെ ആള്‍ക്കൂട്ട അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് ഏറ്റവും പുതുതായി ബിപ്ലബിനെ വിവാദത്തില്‍ പെടുത്തിയിരിക്കുന്നത്.

നാലു വ്യത്യസ്ത സംഭവങ്ങളിലായി നാലു പേരാണ് ആള്‍ക്കൂട്ടത്തിന്റെ അക്രമത്തിനിരയായി കഴിഞ്ഞയാഴ്ച ത്രിപുരയില്‍ കൊല്ലപ്പെട്ടത്. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് ത്രിപുരയില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.

ആസ്സാം, മണിപ്പൂര്‍, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ രീതിയിലുള്ള ആള്‍ക്കൂട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളാണ് കൊലപാതകങ്ങളില്‍ കലാശിക്കുന്നതെന്നാണ് പ്രാഥമിക വിശകലനം. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു നീക്കമാണ് കൈക്കൊള്ളുന്നതെന്ന ചോദ്യത്തിനായിരുന്നു ബിപ്ലബ് ദേബിന്റെ മറുപടി.

‘ത്രിപുരയില്‍ സന്തോഷം അലയടിക്കുകയാണ്. ഇത് ആസ്വദിക്കാനായാല്‍ നിങ്ങള്‍ക്കും സന്തോഷിക്കാനാകും. എന്റെ മുഖത്തേക്ക് നോക്കൂ, ഞാനും സന്തോഷവാനാണ്. ത്രിപുരയിലുള്ളത് ജനങ്ങളുടെ സര്‍ക്കാരാണ്. ജനങ്ങള്‍ തന്നെ നടപടിയെടുക്കുകയും ചെയ്യും.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പു നല്‍കുന്നതിനു പകരം ഇത്തരത്തില്‍ പ്രതികരിച്ച ബിപ്ലബ് ദേബ് വീണ്ടും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരിക്കുകയാണ്. അഗര്‍ത്തലയില്‍ പതിനൊന്നു വയസ്സുകാരനെ വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അക്രമ പരമ്പരകളുണ്ടായത്.

കൊല്ലപ്പെട്ട ബാലന്റെ ശരീരത്തില്‍ നിന്നും വൃക്ക നീക്കം ചെയ്യപ്പെട്ടിരുന്നുവെന്ന് വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ അക്രമാസക്തരാവുകയും നാല്‍പത്തിയെട്ടു മണിക്കൂറുകള്‍ക്കകം നാലു പേര്‍ ആക്രമണത്തിന് ഇരയാവുകയുമായിരുന്നു. വ്യാജവാര്‍ത്തയ്ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി പോലീസുകരോടൊപ്പം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിരുന്ന സുകാന്ത ചക്രവര്‍ത്തിയും കൊല്ലപ്പെട്ടവരില്‍ ഒരാളാണ്.

അവയവക്കടത്തു സംഘമാണ് ബാലന്റെ കൊലപാതകത്തിനു പിന്നിലെന്ന അഭ്യൂഹത്തെത്തുടര്‍ന്നാണ് ത്രിപുരയില്‍ തുടര്‍ച്ചയായ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അരങ്ങേറിയത്. മഹാഭാരത കാലത്തു തന്നെ ഇന്റര്‍നെറ്റും ഉപഗ്രഹ സംപ്രേക്ഷണവുമുണ്ടായിരുന്നുവെന്ന പരാമര്‍ശത്തിലൂടെ വാര്‍ത്തയിലിടംനേടിയ ആളാണ് ബിപ്ലബ് ദേബ്. ഡയാന ഹെയ്ഡന്‍ ഭാരതീയ സ്ത്രീയല്ലെന്നും സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വ്വീസില്‍ വരേണ്ടതെന്നുമൊക്കെയുള്ള പ്രസ്താവനകളായിരുന്നു ഇതിന് മുമ്പ് ബിപ്ലബിനെ വിവാദത്തില്‍ പെടുത്തിയത്.

Related posts