തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആധികാരികമെന്ന രീതിയില്‍ വിളിച്ചു പറയുന്ന ബിജെപി നേതാവാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
താറാവിന്റെ അത്ഭുത ശേഷിയെക്കുറിച്ചുള്ളതാണ് ബിപ്ലബ് ദേബിന്റെ ഏറ്റവും പുതിയ ‘കണ്ടെത്തല്‍’. താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. ഇങ്ങനെ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അമ്പതിനായിരം താറാവു കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകളെയും കോഴികളെയും വളര്‍ത്തുന്നത് ഗ്രാമീണ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു.
എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി ഈ സംസ്‌കാരം ഇല്ലാതായിരിക്കുകയാണ്. ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളും അവകാശവാദങ്ങളും ഉന്നയിച്ച് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട് ബിപ്ലബ് ദേബ്.
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും ഉപഗ്രഹ ആശയവിനിമയ സാങ്കേതികവിദ്യയും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധമായി രവീന്ദനാഥ് ടാഗോര്‍ നൊബേല്‍ പുരസ്‌കാരം തിരികെ കൊടുത്തിരുന്നതായും ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ് ഒരു പത്രപ്രവര്‍ത്തകനായിരുന്നെന്നുമുള്ള ചരിത്രവിരുദ്ധമായ പ്രസ്താവനകളും അദ്ദേഹം നടത്തിയിട്ടുണ്ട്.