കൊല്‍ക്കത്ത: വിവാദ പ്രസ്താവനകളുടെ പേരിലാണ് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ കുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ ഇത്തവണ കരുത്തിന്റെ പ്രദര്‍ശനത്തിലൂടെയാണ് ഈ പഴയ ജിംനേഷ്യം മാസ്റ്റര്‍ ശ്രദ്ധനേടിയത്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്താണ് ബിപ്ലബ് ദേബ് കയ്യടി നേടിയത്.
കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിച്ച ദേബ് തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്തു. നേരത്തെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നോട്ട് വെച്ച ഫിറ്റ്നസ് ചാലഞ്ചും ബിപ്ലവ് ഏറ്റെടുത്തിരുന്നു.
എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും ബിപ്ലവ് വെളിപ്പെടുത്തി. കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോയും പുഷ്അപ് എടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
ബിപ്ലവ് പുഷ്അപ് എടുക്കുമ്പോള്‍ എണ്ണം എടുത്തത് സദസ്സിലുള്ള കാഴ്ച്ചക്കാരായിരുന്നു. ബിപ്ലവ് പുഷ്അപ് അവസാനിപ്പിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ബിപ്ലവിനെ അനുമോദിച്ചു. ഇന്ത്യയില്‍ മറ്റൊരു മുഖ്യമന്ത്രിക്കും ബിപ്ലവിന്റെ അത്ര ആരോഗ്യം ഉണ്ടാവില്ലെന്നും വേദിയില്‍ അഭിപ്രായമുയര്‍ന്നു. ബിപ്ലവിന്റെ വിചിത്രങ്ങളായ വാദങ്ങളായിരുന്നു മുമ്പ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.