കൊച്ചി/വരാപ്പുഴ: വരാപ്പുഴയിൽ പോലീസ് മർദനത്തിൽ മരിച്ച ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് സന്ദർശിച്ചു. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സന്ദർശനം. ബിജെപി നേതാക്കളോടൊപ്പം എത്തിയ അദേഹം ശ്രീജിത്തിന്റെ മാതാപിതാക്കളെയും ഭാര്യ അഖിലയെയും മകൾ ആര്യനന്ദയെയും ആശ്വസിപ്പിച്ചു.
കുടുംബത്തിനു ത്രിപുര സർക്കാരിന്റെ അഞ്ചുലക്ഷം രൂപ ധനസഹായവും അദേഹം വാഗ്ദാനം ചെയ്തു.
സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ത്രിപുരയിൽ മണിക് സർക്കാരിന്റെ ഗതി കേരളത്തിൽ പിണറായി സർക്കാരിനുണ്ടാകുമെന്നും താൻ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയല്ല സംസ്ഥാനത്തെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു പിണറായി വിജയൻ മനസിലാക്കണമെന്നും അദേഹം പറഞ്ഞു.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അദേഹം കേരളത്തിൽ എത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയിൽ കൊച്ചിയിലെത്തിയ ബിപ്ലവ്കുമാർ ദേവ് ശ്രീജിത്തിന്റെ വീട് സന്ദർശിച്ചശേഷം പിന്നീട് ചെങ്ങന്നൂരിലേക്കു പോയി. അദേഹത്തിന്റെ സന്ദർശനത്തിനോടബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണമാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. ‘
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വരാപ്പുഴ വേസ്വം പാടത്ത് ത്രിപുര ഐജി ഉൾപ്പെടെയുള്ള ഉന്നതതല പോലീസ് സംഘം ശ്രീജിത്തിന്റെ വീടും പരിസരവും കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, നേതാക്കളായ എം.ജി. രാജു, ജയകൃഷ്ണൻ തുടങ്ങിയവർ അദേഹത്തിനൊപ്പമുണ്ടായിരുന്നു.