പാലക്കാട്: തോലന്നൂരിൽ 60 താറാവ് കുഞ്ഞുങ്ങൾ ചത്തു. തമിഴ്നാട്ടിൽനിന്ന് എത്തിച്ച താറാവ് കുഞ്ഞുങ്ങളെയാണു ചത്ത നിലയിൽ കണ്ടെത്തിയത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ കാരമൂലയിൽ വ്യാപകമായി വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വവ്വാലുകളുടെ സാന്പിൾ ശേഖരിക്കുകയും ചെയ്തു.
ചത്ത വവ്വാലുകളെ തീയിട്ട് നശിപ്പിച്ചു. സമീപത്തു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നതിനാൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണു വവ്വാലുകളെ സംസ്കരിച്ചത്.
സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. കൊടിയത്തൂരിൽ പക്ഷിപ്പനി പകർന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും.
കൊടിയത്തൂരിലെ ഫാമിൽ കോഴികളെ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. 2,000 കോഴികളാണ് ഇവിടെ രോഗബാധയാൽ ചത്തത്. വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമിൽ നിന്ന് കോഴികൾ ചത്ത് തുടങ്ങിയത്. ഭോപ്പാലിലെ പരിശോധനയ്ക്കുശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.