ന്യൂഡൽഹി: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴി, താറാവ് തുടങ്ങിയവയെ പുതുതായി വളർത്തുന്നത് നിരോധിക്കേണ്ടിവരുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര-സംസ്ഥാന വിദഗ്ധ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനത്തിന് സാധ്യതയുണ്ടെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വിദഗ്ധസമിതികളുടെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ പക്ഷിപ്പനി വ്യാപനം കൂടുതലാണ്. അടുത്ത ഒരുവർഷത്തേക്ക് പുറത്തുനിന്നും പക്ഷികളെ കൊണ്ടുവന്ന് വളർത്തുന്നത് നിരോധിക്കുന്നതിലൂടെ പക്ഷിപ്പനി വ്യാപനം കുറയ്ക്കാനുള്ള സാധ്യതയാണ് സംസ്ഥാനം പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധനടപടികളുടെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുമ്പോൾ കർഷകർക്ക് ഉണ്ടാകുന്ന സാന്പത്തികനഷ്ടത്തിനു പരിഹാരമായി കേന്ദ്രവിഹിതം ഉടൻ അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായും മന്ത്രി വ്യക്തമാക്കി. പക്ഷികളെ പൂർണമായും കൊന്നൊടുക്കാനാണ് കേന്ദ്ര വിദഗ്ധസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പരിശോധന ശക്തമാക്കി സാവകാശം തേടാനുള്ള സാഹചര്യമാണു കേരളം പരിശോധിക്കുന്നത്. 38 ഇടത്ത് പക്ഷിപ്പനിയുടെ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യാപനത്തിന്റെ ലക്ഷണമാണെന്നും ഇതു തടയാനുള്ള നടപടികൾ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
രോഗബാധിത പ്രദേശങ്ങളിലെ താറാവുകൾക്കും കോഴികൾക്കും കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പ്രതിരോധ കുത്തിവയ്പ് നൽകുവാനുള്ള അനുകൂല തീരുമാനം ഉണ്ടാകണം. താറാവ്, കോഴി കർഷകർക്ക് ഉപജീവന പാക്കേജ് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കണം. കർഷകർക്ക് നഷ്ടപരിഹാരം കേന്ദ്രവിഹിതം ലഭിക്കുന്നതുവരെ കാത്തുനിൽക്കാതെ സംസ്ഥാനം മുൻകൂറായി നൽകി. ഈയിനത്തിൽ കുടിശികത്തുകയായ 6.2 കോടി രൂപ ഉടൻ അനുവദിക്കണം.
നിരന്തരമായി കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വൈറസിന്റെ സാന്നിധ്യം അടിയന്തരമായി പരിശോധിച്ച് പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നതിനും കേരളത്തിനു പുറത്തുള്ള അംഗീകൃത ലാബുകളിലേക്ക് സാമ്പിളുകൾ അയച്ച് ഫലം വരുന്നതിനുള്ള കാലതാമസവും ഏറിയ സാന്പത്തിക ചെലവും ഒഴിവാക്കുന്നതിനും പാലോട് ലാബിന്റെ ഗ്രേഡ് ഉയർത്തി അംഗീകാരം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
സ്വന്തം ലേഖകൻ