നമ്മുടെ നാട്ടിലെ തത്തകളെപ്പോലെ ശബ്ദാനുകരണത്തിൽ വിദഗ്ധരാണു യുകെയിലെ സ്റ്റാർലിംഗ് പക്ഷികൾ. ഈ പക്ഷികൾ അനുകരിക്കുന്ന സൈറൺ ശബ്ദം ആകെ പൊല്ലാപ്പായിരിക്കുകയാണ്. ഈ ശബ്ദം കേട്ടാൽ പോലീസ് വാഹനത്തിന്റെ സൈറൺ ആണെന്നേ തോന്നൂ. നാട്ടുകാർ മാത്രമല്ല, പോലീസുകാരും ഈ പക്ഷികൾ കാരണം ആശയക്കുഴപ്പത്തിലാകുന്നതു പതിവാണെന്നു പറയുന്നു.
തേംസ് വാലി എന്ന സ്ഥലത്താണു കൗതുകകരമായ സംഭവം. അവിടത്തെ പോലീസുകാർ ഈ പക്ഷികളെക്കുറിച്ചു വീഡിയോ സഹിതം എക്സിൽ പോസ്റ്റിട്ടതോടെ സംഭവം വൈറലായി.
പക്ഷികളുടെ നിർത്താതെയുള്ള സൈറൺ ശബ്ദം കേൾക്കുമ്പോൾ പോലീസുകാർ കരുതുന്നത് തങ്ങളുടെ വാഹനത്തിന്റെ സൈറൺ മെഷീന് എന്തോ പറ്റിയിട്ടുണ്ടെന്നാണത്രെ. ഇതു തമാശയല്ലെന്നും പലപ്പോഴും തങ്ങൾക്ക് അക്കിടി പറ്റിയിട്ടുണ്ടെന്നും പോലീസുകാർ പറയുന്നു. വീഡിയോയിൽ പോലീസ് വാഹനങ്ങളും മരത്തിനു മുകളിലിരുന്നു സൈറൺ ശബ്ദം പുറപ്പെടുവിക്കുന്ന പക്ഷികളെയും കാണാം.
ഒരിക്കൽ പോലീസ് വാഹനത്തിന്റെ സൈറൺ ശബ്ദം പരിശോധിക്കുമ്പോൾ ഈ പക്ഷികൾ ശ്രദ്ധയോടെ അതു കേട്ടിരുന്നുവെന്നും പിന്നീടതു അനുകരിക്കുകയായിരുന്നുവെന്നുമാണു കരുതുന്നത്. എന്തായാലും പോലീസ് പോസ്റ്റ് ചെയ്ത വീഡിയോക്കു വളരെ രസകരമായ കമന്റുകളാണു കിട്ടിയിരിക്കുന്നത്. ആളുകളെ പറ്റിക്കുന്നതിന് ഈ പക്ഷികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഒരാളുടെ കമന്റ്.