വടകര: പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയായ ‘സേവ്’ ന്റെ പക്ഷിക്ക് കുടിനീര് പദ്ധതിക്ക് ഈ വര്‍ഷവും ഉജ്വല തുടക്കം. എല്ലാ ജീവികള്‍ക്കും ഈ മണ്ണില്‍ കഴിയാനുള്ള അവകാശം അംഗീകരിക്കാനും പ്രകൃതി വിഭവങ്ങള്‍ പങ്കുവെക്കപ്പെടേണ്ടതുണ്ടെന്ന ബോധം വളര്‍ത്താനും വരുംതലമുറയെ പ്രാപ്തരാക്കനാണ് സേവ് പദ്ധതി ആവിഷ്കരിച്ചത്. വടകര വിദ്യാഭ്യാസ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികളും എണ്ണായിരത്തിലേറെ അധ്യാപകരും ഈ വേനലില്‍ അവരുടെ വീടുകള്‍ക്ക് സമീപം ഒരു പാത്രത്തില്‍ പക്ഷികള്‍ക്ക് കുടിനീര് ഒരുക്കുന്നതാണ് പദ്ധതി. നിത്യേന പാത്രത്തില്‍ വെള്ളം നിറച്ചു വെക്കും.
ഇത് നാലാം വര്‍ഷമാണ് സേവ് വക പക്ഷിക്ക് കുടിനീരൊരുക്കുന്നത്. ആദ്യ വര്‍ഷം പയ്യോളി ജിവിഎച്ച്എസ്എസില്‍ നോവലിസ്റ്റ് പി.വത്സല ഉദ്ഘാടനം ചെയ്ത പരിപാടിക്ക് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഒരു പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷത്തിലേറെ വീടുകളില്‍ പക്ഷിക്ക് കുടിനീര് വെക്കുന്നത് റെക്കോര്‍ഡ് ആയതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്—സിന്റെയും ഗിന്നസ് ബുക്കിന്റെയും പരിഗണയ്ക്ക് പദ്ധതി വന്നിരുന്നു. ഈ വര്‍ഷം ഇത് പൂര്‍ണവിജയം നേടി റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷ. ഹരിത കേരളം പദ്ധതിയുമായി സഹ കരിച്ചാണ് ഇത്തവണ സേവ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ഈ വര്‍ഷത്തെ സേവ് പക്ഷിക്ക് കുടിനീര് പദ്ധതിയുടെ ഉദ്ഘാടനം പൈങ്ങോട്ടായി ഗവ. യുപി സ്കൂളില്‍ കവി വീരാന്‍കുട്ടി നിര്‍വഹിച്ചു. മനുഷ്യന് ജീവജാലങ്ങളോട് ചെയ്യുന്ന ക്രൂരതക്കു പരിഹാരമാണ് ഇത്തരം പ്രവൃത്തികളെന്ന് അദ്ദേഹം പറഞ്ഞു. നാളെ മനുഷ്യര്‍ക്കും ഇതു പോലെ കുടിനീരൊരുക്കേണ്ട അവസ്ഥയിലേക്കാണ് നാട് നീങ്ങുന്നതെന്നു വീരാന്‍കുട്ടി ഓര്‍മിപ്പിച്ചു. ഡിഇഒ ഇ.കെ.സുരേഷ്കുമാര്‍ ആധ്യക്ഷത വഹിച്ചു. പ്രൊഫ. ശോഭീന്ദ്രന് ഹരിത സന്ദേശം നല്കി. എഇഒ എ.പ്രദീപ് കുമാര്‍, സേവ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്, കെ.വി.ശശി, എടത്തട്ട രാധാകൃഷ്ണന്, സി.പി.അബ്ദുറഹ്മാന്, പി.രാജന്, സി.പി.കോയ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും പക്ഷിക്ക് കുടിനീര് പദ്ധതിയില്‍ പങ്കാളികളാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആഹ്വാനം ചെയ്തു. പക്ഷിക്ക് കുടിനീര് ഒരുക്കിയതിന്റെ പടമെടുത്ത് അടിക്കുറിപ്പും നല്കി [email protected] ലേക്ക് മെയില്‍ ചെയ്യുകയോ 9447262801 ലേക്ക് വാട്സ് അപ് ചെയ്യുകയോ വേണം. മികച്ചവയ്ക്ക് സേവ് സമ്മാനങ്ങള്‍ നല്‍കും