മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്ന ചോദ്യംപോലെയാണ് മുട്ടകളുടെ ആകൃതിയുടെ കാര്യവും. മുട്ടകളുടെ ആകൃതിയാണ് പക്ഷികളുടെ പറക്കാനുള്ള കഴിവ് നിശ്ചയിക്കുന്നതെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്. അമേരിക്കൻ ജേർണലായ സയൻസിലാണ് മുട്ടയുടെ ആകൃതിയും പക്ഷികളുടെ പറക്കാനുള്ള കഴിവും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതിപാദിച്ചിരിക്കുന്നത്. കൂടുതൽ നീണ്ടു കൂർത്ത മുട്ടയാണെങ്കിൽ ആ ഇനം പക്ഷികൾ കൂടുതൽ പറക്കൽശേഷി ഉള്ളവരാണെന്നാണ് കണ്ടെത്തൽ. പ്രസ്റ്റൺ യൂണിവേഴ്സിറ്റിയിലെ മേരി കാസ്വെൽ സ്റ്റൊഡാർഡാണ് ഇതേക്കുറിച്ച് എഴുതിയിരിക്കുന്നത്.
ഇതിനുമുന്പും മുട്ടയുടെ ആകൃതിയുടേ പേരിൽ നിരവധി ആശയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മലഞ്ചെരുവുകളിലുള്ള പക്ഷികളുടെ മുട്ട കൂടുതൽ കൂർത്ത മുട്ടയായിരിക്കും. കുന്നും മലയുമൊക്കെ ആയതിനാൽ ഉരുണ്ട് പോവാതിരിക്കാനാണ് പ്രകൃതി ഇങ്ങനെയൊരു രൂപം നല്കിയിരിക്കുന്നതെന്നാണ് ഒരു വാദം.
പുതിയ റിപ്പോർട്ട് തയാറാക്കാൻ ഗവേഷകർ 1,400 ഇനങ്ങളിലായി 50,000 മുട്ടകളാണ് പഠനത്തിനു വിധേയമാക്കിയത്. പക്ഷികളുടെ കൂടിന്റെ രൂപം, സ്ഥലം, മുട്ടകളുടെ എണ്ണം, തീറ്റക്രമം, പറക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം പ്രത്യേകം നിരീക്ഷിച്ചായിരുന്നു പഠനം.
മറ്റൊരു കാര്യംകൂടി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുട്ടയുടെ ആകൃതി നിശ്ചയിക്കുന്നത് തോട് അല്ല. മുട്ട ഉൾക്കൊണ്ടിരിക്കുന്ന കട്ടി കുറഞ്ഞ ആവരണമാണ് ആകൃതി നിശ്ചയിക്കുന്നത്. തോട് വെറുമൊരു കവചം മാത്രമാണെന്നും ഗവേഷകർ പറയുന്നു.