കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി.
തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്.
ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്.
എന്നാല്‍ രോഗകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് രോഗം പടരാന്‍ ഇടയാക്കിയതായി കരുതുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു.
ഈവര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്ടീരിയ ബാധമൂലവും താറാവുകള്‍ ചത്തിരുന്നു.