തുറവൂർ: വിവിധയിനം ദേശാടനപ്പക്ഷികൾ കരിനിലങ്ങളിലേക്ക് കൂട്ടത്തോടെയെത്തുന്നത് കൗതുകമാകുന്നു. തുറവൂർ കരിനിലങ്ങളിലാണ് ആയിരക്കണക്കിനു ദേശാടനപ്പക്ഷികൾ വിവിധ ദേശങ്ങളിൽ നിന്ന് പറന്നിറങ്ങിയിരിക്കുന്നത്.
വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള വിവിധയിനം കൊക്കുകൾ, വിവിധയിനം ഇരണ്ടകൾ, നീർകാക്കകൾ എന്നിവയാണ് ഇക്കുറി എത്തിയിരിക്കുന്നത്.
കുറച്ചു ദിവസങ്ങളായി പക്ഷികൾ ഇവിടെയുണ്ട്. മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും പുള്ളിച്ചുണ്ടൻ കൊതുന്പന്നം എന്ന പേരിൽ അറിയപ്പെടുന്ന സ്പോട്ട് ബിൽഡ് പെലിക്കൻ ആണ് ഇത്തവണത്തെയും ആകർഷണം.
വംശനാശ ഭീഷണി നേരിടുന്നവ കൂടിയാണ് ഇവ. ഇന്ത്യൻ ഉപ ഭൂഖണ്ഡ പ്രദേശങ്ങളിലും സമീപത്തും കാണുന്നവയാണ് ഇവ.
ഇത്തവണ ലോക്ക്ഡൗണിന്റെ യാതൊരു വിധ ശല്യങ്ങളുമില്ലാതെ പക്ഷികൾ സ്വതന്ത്ര വിഹാരം നടത്തുകയാണ്. പാടശേഖരങ്ങളിലെ വൻതോതിലുള്ള മത്സ്യസന്പത്തും ശാന്തത നിറഞ്ഞ അന്തരീക്ഷവുമാണ് ഇവയെ കൂടുതലായി ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്.