ചാവക്കാട്: രാവിലെ ഭക്ഷണം തേടിപ്പോയ പക്ഷികള്‍ തിരിച്ചെത്തിയപ്പോള്‍ വീടില്ല, കുഞ്ഞുങ്ങള്‍ ചത്തുപോയി. ചാവക്കാട് ട്രാഫിക് ഐലന്റിനു സമീപം ഏനാമാവ് റോഡില്‍ ടൗണിന് തണല്‍ നല്‍കിയിരുന്ന ചീനിമരം മുറിച്ചുനീക്കിയപ്പോള്‍ ടൗണിന്റെ തണല്‍ നഷ്ടപ്പെട്ടതിനേക്കാള്‍ കാണികളുടെ മനസിനെ നൊമ്പരപ്പെടുത്തിയതു തകര്‍ന്നുവീണ പക്ഷിക്കൂടുകളും അതിലെ കുഞ്ഞുങ്ങളുമായിരുന്നു. പടര്‍ന്നുപന്തലിച്ചുനിന്നിരുന്ന ചീനിമരം നിലംപതിച്ചപ്പോള്‍ നൂറുകണക്കിന് എരണ്ടപക്ഷികളുടെ ആവാസകേന്ദ്രമാണു പോയത്.
രാവിലെ ഇരതേടിപോയ പക്ഷിക്കൂട്ടം തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് വീടു മാത്രമല്ല, അവരുടെ പൊന്നുമക്കളെയും നഷ്ടമായി. കൂടു വച്ചിരുന്ന വലിയ മരത്തിന്റെ സ്ഥാനത്ത് ഏതാനും തടികഷണങ്ങള്‍ മാത്രം. കൂടും കുഞ്ഞുങ്ങളേയും കാണാതെ വട്ടമിട്ടിരുന്ന എരണ്ടപക്ഷികള്‍ പിന്നെ എങ്ങോ ട്ടോ പറന്നുപോയി… വേദനയോടെ വാസസ്ഥലം തേടി.
ചാവക്കാട് സെന്ററില്‍ നേരത്തെ ഉണ്ടായിരുന്ന ചീനിമരം കാറ്റില്‍ വീണു. കാല് നൂറ്റാണ്ടു മുമ്പ് ചാവക്കാട്ടെ ഡ്രൈവര്‍മാരായിരുന്ന റാഫി പാലയൂരും, സി.പി. ഡേവിസുമാണു പകരം ചീനിമരം നട്ടത്. പഴയ ടയര്‍ അടുക്കിവച്ച് അതിനെ സംരക്ഷിച്ചു. പിന്നീട് അതിന്റെ സംരക്ഷണം ചുമട്ടുത്തൊഴിലാളികള്‍ ഏറ്റെടുത്തു. പടര്‍ന്നു പന്തലിച്ചപ്പോള്‍ എരണ്ടകളുടെ വാസകേന്ദ്രമായി. മരം അപകടസ്ഥിതിയിലാണെന്നു പരാതി ഉയര്ന്നതിനെത്തു ടര്‍ന്നു പിന്നീടതു മുറിക്കാന്‍ തീരുമാനമായി. ആറു പേര് ചേര്‍ന്നു വൈദ്യുതി വാള് ഉപയോഗിച്ചു ഒരു പകല്‍ കൊണ്ടു മരത്തെ തുണ്ടുകളാക്കി.