സ്വന്തം ലേഖകൻ
തൃശൂർ: പാന്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് എന്ന പ്രശസ്തമായ ഗാനം ഇന്നും പാടുന്ന മലയാളികൾ അറിയുക….വൻമരങ്ങളും അതിലെ മരപ്പൊത്തുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. മരപ്പൊത്തുകൾ ഇല്ലാതെ വന്നതോടെ അഞ്ഞൂറിലേറെ ഇനങ്ങളിലുള്ള പക്ഷിമൃഗാദികളാണ് വാസസ്ഥലം നഷ്ടപ്പെട്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
പൊത്തുകളിൽ താമസിക്കുന്ന പാന്പും തത്തമ്മയും കുഞ്ഞുങ്ങളും കുട്ടികൾക്ക് കഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്കപ്പുറം തങ്ങളുടെ ജൈവവൈവിധ്യങ്ങളെ അറിയാനുള്ള പാഠപുസ്തകങ്ങൾ കൂടിയായിരുന്നു. പൊത്തുകളോടുകൂടിയ വൻമരങ്ങൾ നഷ്ടമായപ്പോൾ അത് നമ്മുടെ ആവാസവ്യസ്ഥക്ക് വൻ ആഘാതമാണ് ഉണ്ടാക്കിയത്.
കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വൈൽഡ് ലൈഫ് ബയോളജി ഡിപ്പാർട്ട്മെന്റ് മേധാവിയും ശാസ്ത്രജ്ഞനുമായ പെറോത്ത് ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് നഷ്ടമായിക്കൊണ്ടിരിക്കുന്ന വൻമരങ്ങളിലെ മരപ്പൊത്തുകളെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്.
പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ വനങ്ങളിലെ പൊത്തുകളുടെ ഘടനയും പക്ഷിമൃഗാദികളുടെ ഉപയോഗവും എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് 517 പക്ഷിമൃഗാദികൾ പൊത്തുകളിൽ കഴിയുന്നുണ്ടെന്ന് പറയുന്നത്. ഇന്ത്യയിലെ 18.4 ശതമാനത്തോളം വരുന്ന കശേരു മൃഗങ്ങൾ പൊത്തുകളെയാണ് താമസത്തിനായി ആശ്രയിക്കുന്നത്.
നിരവധി പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രമായ ഈ പൊത്തുകൾ വന്യജീവി സംരക്ഷണത്തിലും വന പരിപാലനത്തിലും വന ആവാസ വ്യവസ്ഥയുടെ ഘടനയിലും പ്രവർത്തനത്തിലും ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. ലോകമെന്പാടുമുള്ള പല ആവാസവ്യവസ്ഥകളിലും ഇത്തരത്തിലുള്ള വൻമരങ്ങൾ നഷ്ടപ്പെടുന്നത് ആശങ്കയാണ് എന്ന് ഡോ.ബാലകൃഷ്ണൻ പറഞ്ഞു.
വവ്വാലുകൾ, വേഴാന്പലുകൾ, മരംകൊത്തികൾ, സിവെറ്റുകൾ എന്നിവ പൊത്തുകളെയാണ് അവയുടെ താമസത്തിനായി ഉപയോഗിക്കുന്നത്. പൊത്തുകൾ ഇല്ലാതാകുന്പോൾ ഇത്തരം ജീവികളും ഇല്ലാതാകുന്നത് പരാഗണം, വിത്ത് വ്യാപനം, കീട നിയന്ത്രണം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊത്തുകളിൽ ആവാസവ്യവസ്ഥ കണ്ടെത്തുന്ന ഏതാണ്ട് ഒന്പതു ശതമാനം വരുന്ന പക്ഷിമൃഗാദികളെ റെഡ് ലിസ്റ്റ് പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്.
അവരുടെ നിലനിൽപ്പിന് ഭീഷണിയായി ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് പ്രത്യേക ശ്രദ്ധയും സംരക്ഷണവും അർഹിക്കുന്നുണ്ടെന്നും അതിനാൽ പൊത്തുകളുള്ള വൃക്ഷ ഇനങ്ങൾ സംരക്ഷണ മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യമായി മാറണമെന്നും നിർദ്ദേശമുയർന്നിട്ടുണ്ട്.
പൊത്തുകളുള്ള മരങ്ങളിൽ ഏതാണ്ട് 50ശതമാനവും അപൂർവ, വംശനാശ ഭീഷണി നേരിടുന്ന വിഭാഗങ്ങളിൽ പെട്ട ദക്ഷിണേന്ത്യൻ വേഴാന്പലുകൾ ആണ് ഉപയോഗിക്കുന്നതത്രെ.
പൊത്തുകൾ ഉപയോഗിക്കുന്ന 517 ഇനങ്ങളിൽ, 43.9 ശതമാനം പക്ഷികളും 30.8 ശതമാനം ഉരഗങ്ങളും 17.6 ശതമാനം സസ്തനികളും 7.7 ശതമാനം ഉഭയജീവികളും ആണ്, അവയിൽ ഭൂരിഭാഗവും അപൂർവവും പിടികിട്ടാത്തതുമാആയ ജീവിവർഗങ്ങളാണ്.
ഇതിൽ 51.4ശതമാനം പൊത്തുകൾ പ്രജനനത്തിനായി ഉപയോഗിക്കുന്പോൾ 23.8ശതമാനം കൂടായി ഉപയോഗിക്കുന്നു. 9.3 ശതമാനം വരുന്ന ജീവികൾ പകൽ സമയങ്ങളിൽ മാത്രം വിശ്രമത്തിനായി ഉപയോഗിക്കുന്ന ഡേ റെസ്റ്റ് സൈറ്റുകൾ മാത്രമായി പൊത്തുകളെ പ്രയോജനപ്പെടുത്തുന്നു.
0.8ശതമാനം വരുന്ന ജീവജാലങ്ങളാകട്ടെ പൊത്തുകൾ അവയുടെ ഹ്രസ്വകാല നിദ്രകൾക്കായി ഉപയോഗിക്കുന്നു.517 ഇനങ്ങളിൽ മരംകൊത്തികൾ, ബാർബെറ്റുകൾ, ട്രോഗണ്സ്, ന്യൂട്ടച്ചുകൾ തുടങ്ങിയ 54 ഇനങ്ങളെ പ്രൈമറി യൂസേഴ്സ് അഥവാ പ്രാഥമിക ഉപയോക്താക്കളായും വേഴാന്പലുകൾ, മൂങ്ങകൾ, തത്തകൾ, ചിതലുകൾ, നക്ഷത്രങ്ങൾ, ചില ഈച്ചകൾ, വവ്വാലുകൾ, മരയണ്ണാൻ, എലികൾ, വെരുക്, കീരി തുടങ്ങിയ 463 ഇനങ്ങളെ സെക്കണ്ടറി യൂസേഴ്സ് അഥവാ ദ്വതീയ ഉപയോക്താക്കളായുംയും കണക്കാക്കുന്നു.