കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ജില്ല വയനാട് ആണ്. കാട്ടാനയും കടുവയും പുലിയും കരടിയും മാനും കാട്ടുപോത്തും കരടിയുമെല്ലാം ഇവിടെ സാധാരണമാണ്. അടുത്തിടെ വയനാട്ടിൽ നടത്തിയ സർവേയിൽ അപൂർവയിനം പക്ഷികളും ഇവിടെ ധാരാളമായി ഉണ്ടെന്നു കണ്ടെത്തി. ഇതിൽത്തന്നെ ധാരാളം നീർപക്ഷികളുമുണ്ട്.
ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സെന്‍സസിന്റെ ഭാഗമായി കേരള ബേര്‍ഡ് മോണിറ്ററിംഗ് നെറ്റ്വര്‍ക്ക് നടത്തിയ തണ്ണീര്‍ത്തട പക്ഷി സര്‍വേയില്‍ ജില്ലയില്‍ ആദ്യമായി ചാരത്തലയന്‍ തിത്തിരി, കയല്‍പരുന്ത്, പാമ്പ് പരുന്ത് എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തണ്ണീര്ത്തടങ്ങളിലടക്കം നൂറില്‍പരം പക്ഷി ഇനങ്ങളെ സര്‍വേയില്‍ കാണാനായി.
സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജിയാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. കാരാപ്പുഴ അണയും പരിസരപ്രദേശങ്ങളും, ആറാട്ടുതറ, വള്ളിയൂര്‍ക്കാവ്, പനമരം നെല്‍വയലുകള്‍, വയനാട് വന്യജീവി സങ്കേതത്തിലെ അമ്മവയല്‍, ഗോളൂര് എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്.
വെറ്ററിനറി സര്‍വകലാശാല, പൂക്കോട് എന്‍എസ്എസ് വളണ്ടിയേഴ്സ്, മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മേപ്പാടി ജര്‍ഡന്‍സ് ബെര്‍ഡിംഗ് ക്ലബ്, സോഷ്യല്‍ മീഡിയ കൂട്ടായ്മയായ വയനാട് ബെര്‍ഡേഴ്സ് എന്നിവയെ പ്രതിനിധാനം ചെയ്ത് 42 പേര് സര്‍വേയില്‍ പങ്കാളികളായി.
ദേശാടന പക്ഷികളായ ചരത്തലയന് തിത്തിരി, വെള്ളക്കൊക്കാന് കുളക്കോഴി, പട്ടക്കോഴി, ചാരമുണ്ടി, ചെന്തലയന് അരിവാള്ക്കൊക്കന്, കൊമ്പന് കുയില്‍ എന്നിവയെ സര്‍വേയില്‍ കാണാനായെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു. പച്ചഎരണ്ട ,വാലന്‍ താമരക്കോഴി,പുള്ളിച്ചുണ്ടന്‍ താറാവ്, ചെറിയ നീര്‍കാക്ക, താമരക്കോഴി തുടങ്ങിയ തദ്ദേശീയ ഇനം പക്ഷികളും സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.
വര്‍ധിച്ച വൈവിധ്യത്തിനിടയിലും പക്ഷികളുടെ മൊത്തത്തിലുള്ള എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായതായി വിഷ്ണുദാസ് പറഞ്ഞു. സര്‍വേയില്‍ 1,425 പക്ഷികളെയാണ് എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ ഇത് 1,621 ആയിരുന്നു. കാരാപ്പുഴ അണയിലും പരിസര പ്രദേശങ്ങളിലും ചൂളന്‍ എരണ്ടയുടെ എണ്ണം കുറയുകയാണ്. ആവാസ വ്യവസ്ഥയുടെ തകറാറിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് സര്‍വേ സംഘത്തില്‍പ്പെട്ടവര്‍ പറഞ്ഞു.
കാരാപ്പുഴ റിസര്‍വോയറുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഴം കുറഞ്ഞ ജലാശയങ്ങളെ ചുറ്റിപ്പറ്റിയാണ് വയനാട്ടിലെ തണ്ണീര്‍ത്തട ആവാസവ്യവസ്ഥ നിലകൊള്ളുന്നതെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ടി. ഹരിലാല്‍ പറഞ്ഞു. തുടര്‍ച്ചയായ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത വ്യക്തമാക്കുന്നതാണ് സര്‍വേ ഫലമെന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പ്രിവന്റീവ് മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രഫ.ആര്.എല്‍. രതീഷ് പറഞ്ഞു.