കോട്ടയം: ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ.
രണ്ടു പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്തു സംസ്കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും കളക്ടര്‍ നിര്‍ദേശം നല്കി.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും ഇന്നലെ മുതല്‍ മൂന്നുദിവസത്തേക്ക് നിരോധിച്ചു.
രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള 19 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കോഴി, താറാവ്, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവ അസാധാരണമായി മരണപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5 എന്‍1 ഇനമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആര്‍പ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലര്‍ കോഴി ഫാമിലും പക്ഷികള്‍ ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡീസിസസ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആര്‍പ്പൂക്കരയിലും തലയാഴത്തും ഇന്നു രാവിലെ 8.30 മുതല്‍ പക്ഷികളെ ദയാവധം ചെയ്തു സംസ്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും.
അഞ്ച് ദ്രുതകര്‍മ ടീമുകളാണ് രോഗബാധയുള്ള പ്രദേശത്തെ പക്ഷികളെ സംസ്കരിക്കുക. തലയാഴം പഞ്ചായത്തില്‍ മൂന്നും ആര്‍പ്പൂക്കരയില്‍ രണ്ടും സംഘങ്ങളായി തിരിഞ്ഞായിരിക്കും പ്രവര്‍ത്തനം.
ഈ പ്രദേശങ്ങൾ നിരീക്ഷണത്തിൽ
കോട്ടയം, വൈക്കം, ഏറ്റുമാനൂര്‍ നഗരസഭകള്‍, വെച്ചൂര്‍, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂര്‍, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആര്‍പ്പൂക്കര, അയ്മനം, നീണ്ടൂര്‍, അതിരമ്പുഴ, തിരുവാര്‍പ്പ്, കുമരകം എന്നീ പഞ്ചായത്തുകളുമാണ് നിരീക്ഷണമേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.