കോട്ടയം: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളെ പൂര്‍ണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനര്‍വ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ഡിസംബര്‍ 31 വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ നിയന്ത്രണമേഖലയ്ക്ക് അകത്തേക്കു കൊണ്ടുവരാനോ പുറത്തേക്കു കൊണ്ടുപോകാനോ പാടില്ല.
നിയന്ത്രണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ പുറത്തുനിന്നു വിരിയിച്ച കോഴിക്കുഞ്ഞുങ്ങളെയോ താറാവ്, കാട ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെയോ കൊണ്ടുവരാന്‍ പാടില്ല. നിയന്ത്രണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറികളില്‍ വിരിയുന്നതിനായി വച്ച മുട്ടകള്‍ നശിപ്പിക്കണം. നിയന്ത്രണ മേഖലകളിലെ ഹാച്ചറികളില്‍/ഫാമുകളില്‍ വളര്‍ത്തിവരുന്ന ബ്രീഡര്‍ സ്റ്റോക്ക് ദൈനംദിനം ഇടുന്ന മുട്ടകള്‍ വിരിയിക്കുന്നതിനായി ഉപയോഗിക്കരുത്. നിരീക്ഷണമേഖലയില്‍ ടേബിള്‍ എഗ്സ് ആയി മാത്രം ഇവ വില്‍ക്കാം.
നിയന്ത്രണ മേഖലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറികള്‍ നിരന്തരമായി നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നിങ്ങനെയാണ് ഗസറ്റ് നിര്‍ദേശങ്ങള്‍. ഡിസംബര്‍ 31 വരെ ഈ മൂന്നുതാലൂക്കുകളിലേക്കും വളര്‍ത്തുപക്ഷികളുടെ വിതരണം നടത്തരുതെന്ന് പക്ഷികളെ കൊണ്ടുവരുന്ന എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏജന്‍സി, ഇന്റഗ്രേറ്റര്‍, ഹാച്ചറികള്‍ക്കു നിര്‍ദേശം നല്കാന് തീരുമാനമായി.
നിയന്ത്രണനടപടികള്‍ കാര്യക്ഷമമാക്കാനും പക്ഷികളുടെ നീക്കം തടയാനും ഗതാഗത വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.