ജോണ്‍ ചാഡ്വിക് എന്ന നാല്പ്പത്തിമൂന്നുകാരന് തന്റെ വീട്ടിലെ കിളിക്കൂടിനുള്ളില്‍ ഒരു കാമറ വച്ചു. ഒരു രസത്തിനായിരുന്നു ഈ കാമറ പരിപാടി. പക്ഷേ, സംഭവം ഇപ്പോള്‍ വന്‍ ഹിറ്റായിരിക്കുകയാണ്.
കിളിക്കൂടിനുള്ളിലെ സംഭവങ്ങള്‍ എന്തൊക്കെ എന്നു കാണുന്നവരുടെയെണ്ണം ഒരു മാസത്തിനുള്ളില്‍ 43 ദശലക്ഷമായിരിക്കുന്നു.
ലോക്ക്ഡൗണ്‍ നേരമ്പോക്ക്
ഫെബ്രുവരിയിലെ ലോക്ക്ഡൗണ്‍ കാലത്താണ് ജോണ്‍ തന്റെ ബേര്‍ഡ് ബോക്സ് വാങ്ങുന്നത്. യുകെയിലെ ലീസെസ്റ്റര്‍ഷയറിലെ ലോഫ്ബറോയിലെ തന്റെ വീടിന്റെ പൂന്തോട്ടത്തില്‍ അതു സ്ഥാപിച്ചു.
താമസിയാതെ ബ്ലൂ ടിറ്റ് പക്ഷികളുടെ ഒരു കുടുംബത്തെയും അതിലേക്ക് എത്തിച്ചു. പിന്നീടാണ് ഒരു ബേര്‍ഡ് ബോക്സ് കാമറ വാങ്ങിവച്ചതും. അതില്‍ പതിയുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലേക്ക് അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയതും.
അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, മക്കള്‍, ബന്ധുക്കള്‍ എന്നിവരെ പക്ഷികളുടെ ജീവിതം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂ ട്യൂബ് വീഡിയോ അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പക്ഷികളെ അക്ഷരാര്‍ഥത്തില്‍ ഉറ്റുനോക്കുന്നുണ്ടെന്നത് അവിശ്വസനീയമാണെന്നാണ് തന്റെ വീഡിയോകള്‍ക്കു ലഭിക്കുന്ന സ്വീകാര്യത കണ്ടു ജോണ്‍ പറയുന്നത്.
ജോണിന്റെ വീഡിയോകള്‍ കൂടുതലും കാണുന്നത് അമേരിക്കയിലും ഇന്ത്യയിലുമുള്ള ആളുകളാണ്, മൊത്തം കാഴ്ചക്കാരുടെ അഞ്ച് ശതമാനം മാത്രമാണ് യുകെ പ്രേക്ഷകര്‍.
പക്ഷിജീവിതം
എല്ലാ ദിവസവും ജോണ്‍ തത്സമയം പക്ഷിക്കൂട്ടിലെ വിവരങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. അതോടൊപ്പം ഒരു ഹൈലൈറ്റ് വീഡിയോ ചെയ്യാനും തുടങ്ങി, ആദ്യ ദിവസം ഇതു കണ്ടതു വെറും നൂറു പേർ മാത്രമാണ്.
മാതാപിതാക്കള്കൊണ്ടു വരുന്ന പ്രാണികളെ കഴിക്കുന്ന കുഞ്ഞുങ്ങളായിരുന്നു ആദ്യ വീഡിയോയില്‍. കുഞ്ഞുങ്ങള്‍ ഓടി നടക്കാന്‍ തുടങ്ങുന്നതിന് ഏകദേശം മൂന്നു ദിവസം മുമ്പ് വരെ ഈ 100 കാഴ്ചക്കാരെ ഉണ്ടായിരുന്നുള്ളു.
‘മൂന്നു മാസം ദിവസവും രാത്രി മൂന്നു മണിക്കൂര്‍ എടുത്തായിരുന്നു 15 മണിക്കൂറോളം നീളുന്ന ഫൂട്ടേജുകളിൽനിന്നു നല്ല ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിരുന്നത്.
അപ്പോഴേക്കും രണ്ടായിരം കാഴ്ചക്കാരായി. അതിനിടയില്‍ പക്ഷികള്‍ കൂടുകളിലേക്കു വരുന്നതും മുട്ട അടയിരുന്നു വിരിയിക്കുന്നതും കുഞ്ഞുങ്ങള്‍ ഓടിച്ചാടി നടക്കുന്നതുമെല്ലാം ചേര്‍ത്ത് ഒരു ഹ്രസ്വ വീഡിയോ ചെയ്യാന്‍ ജോണ്‍ തീരുമാനിച്ചു.
ഞെട്ടിച്ചു കാഴ്ചക്കാര്‍
ആ ഹ്രസ്വ വീഡിയോ ജൂണ്‍ ഏഴ് തിങ്കളാഴ്ച അപ് ലോഡ് ചെയ്തു. പിന്നെ കാഴ്ചക്കാരുടെ എണ്ണത്തിൽ ഒരു കുതിച്ചുകയറ്റമായിരുന്നു.വ്യാഴാഴ്ചയായപ്പോഴേക്കും ഒരു ലക്ഷത്തോളമായി വിഡിയോ കണ്ടവർ.
വെള്ളിയാഴ്ച ഇരുപതുലക്ഷമായും ശനിയാഴ്ച അന്‍പതു ലക്ഷമായും കുതിച്ചു. അങ്ങനെ ദശലക്ഷക്കണക്കിനു കാഴ്ചക്കാരുമായി പക്ഷിക്കൂട് സംഭവബഹുലമായിരിക്കുന്നു.
പക്ഷി ജീവിതത്തിന്റെ ആരാധകര്‍ ഓരോ ദിവസവും ഈ കിളിക്കൂട്ടില്‍ എന്തു സംഭവിക്കുന്നു എന്നു കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.