കോട്ടയം: മഴയായാലും വെയിലായാലും നാഗന്പടത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും കുട ചൂടി നടന്നു പോകേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
ഇവിടത്തെ തണൽമരങ്ങളിൽ ചേക്കേറിയിരിക്കുന്ന പക്ഷികളുടെ കാഷ്ഠം ദേഹത്തു വീഴാതിരിക്കണമെങ്കിൽ ഒന്നുകിൽ ഭാഗ്യം വേണം, അല്ലെങ്കിൽ കുട വേണം എന്നതാണ് അവസ്ഥ.
കാൽനടക്കാരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് ഈ ദുരിതം നേരിടേണ്ടി വരുന്നത്.
നാഗന്പടം സീസർ ജംഗ്ഷനിൽനിന്നും ബസ് സ്റ്റാൻഡിലേക്കു പോകുന്ന റോഡിൽ എൽഐസി ഓഫീസിനു സമീപത്തും റെയിൽവേ സ്റ്റേഷനു മുന്നിലുമുള്ള തണൽ മരങ്ങളിലാണ് പക്ഷികൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും കെണി ഒരുക്കിയിരിക്കുന്നത്.
ചേരക്കോഴികളും നീർകാക്കകളും ഉൾപ്പെടെയുള്ള നിരവധി പക്ഷികളാണ് ഇവിടത്തെ മരങ്ങളിൽ കൂട് കൂട്ടിയിരിക്കുന്നത്.
രാപകൽ വ്യത്യാസമില്ലാതെ മരങ്ങളിൽ ചേക്കേറിയിരിക്കുന്ന പക്ഷികൾ നിത്യശല്യക്കാരായി മാറിയിട്ട് കാലമേറെയായി.
വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവർ തണലുള്ള സ്ഥലം നോക്കി വാഹനങ്ങൾ പാർക്കു ചെയ്താൽ തിരികെ വരുന്പോൾ പക്ഷികൾ വാഹനത്തിന്റെ കളർ മാറ്റിയിട്ടുണ്ടാകും.
കാഷ്ഠം ദേഹത്തു വീണാൽ ഉണ്ടാകുന്ന ദുർഗന്ധവും മറ്റു ബുദ്ധിമുട്ടുകളും ചില്ലറയല്ല.
യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് അടിയന്തരമായി അധികൃതർ ഇടപെട്ടു നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.