കോട്ടയം: ദുബായിൽനിന്നും ബിരിയാണിച്ചെന്പിൽ ലോഹവസ്തുക്കൾ കടത്തിയെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്കു പിന്നാലെ ഇപ്പോൾ താരമായിരിക്കുന്നത് ബിരിയാണിച്ചെന്പും ബിരിയാണിയുമാണ്.
രണ്ടു ദിവസമായി കേരളത്തിൽ നടന്നുവരുന്ന സമരത്തിലും ബിരിയാണിച്ചെന്പുണ്ട്. സോഷ്യൽ മീഡിയായിൽ ഇതുസംബന്ധിച്ച ട്രോളുകളും വൈറലാണ്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ മഹിളാ കോണ്ഗ്രസ് കോട്ടയത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ മഹിളകൾ ബിരിയാണിച്ചെന്പ് തലയിലേന്തിയാണ് പ്രകടനം നടത്തിയത്.
കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ് കോട്ടയം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയതും ബിരിയാണിച്ചെന്പുമായാണ്.
തൊട്ടുപിന്നാലെ യൂത്ത് ഫ്രണ്ടും ഗാന്ധിസ്ക്വയറിൽ ബിരിയാണിച്ചെന്പുമായി സമരം നടത്തി.
യൂത്ത് കോണ്ഗ്രസുകാർക്ക് ചെന്പ് മാത്രമാണുണ്ടായിരുന്നതെങ്കിൽ യൂത്ത് ഫ്രണ്ടുകാർക്ക് ചെന്പിൽ ബിരിയാണിയുമുണ്ടായിരുന്നു.
കേറ്ററിംഗ് സ്ഥാപനത്തിൽനിന്നും സമരത്തിനായി രണ്ടു മണിക്കൂർ നേരത്തേക്ക് ബിരിയാണിച്ചെന്പ് വാടകയ്ക്ക് എടുത്തു.
ചെന്പിനൊപ്പം കുറച്ചു ബിരിയാണിയും വാങ്ങി. ബിരിയാണിക്കുള്ളിൽ സ്വർണം കാണിക്കുന്നതിനായി പട്ടികക്കഷണങ്ങൾ സ്വർണ കളറുള്ള പേപ്പറിൽ പൊതിഞ്ഞ് ബിരിയാണിക്കുള്ളിൽ ഇട്ടു.
അന്പതുദിനം പിന്നിട്ട മാടപ്പള്ളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരവേദിയിലും ബിരിയാണിച്ചെന്പായിരുന്നു താരം.
കെ-റെയിൽ കുറ്റി പിഴുതെറിഞ്ഞ സമരക്കാർ സിൽവർ ലൈൻ വിരുദ്ധ സമരനായിക റോസിലി ഫിലിപ്പിന്റെ നേതൃത്വത്തിൽ ബിരിയാണിച്ചെന്പ് തലയിൽ വച്ചാണ് ഇന്നലെ സമരം നടത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബിരിയാണി വച്ചും വിളന്പിയും പ്രതിഷേധ സമരം നടന്നു.
വിവിധ കാര്യങ്ങൾക്കു ഫണ്ടു ശേഖരിക്കുന്നതിനായി സിപിഎമ്മും ഡിവൈഎഫ്ഐയും നടത്തിവന്നിരുന്ന ബിരിയാണി ചലഞ്ച് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണെന്നുള്ള പ്രതിപക്ഷ യുവജന സംഘടനകളുടെ ട്രോളുകളും സോഷ്യൽ മീഡിയായിൽ വൈറലാണ്.