മുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ ബിരിയാണിയും കബ്സയും വിഭവസമൃദ്ധമായ സദ്യയും ദിവസേന വെച്ചു വിളമ്പുമ്പോൾ പഞ്ചായത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള ഡോമിസിലറി കെയർ സെന്ററിൽ താമസക്കാർക്ക് ലഭിക്കുന്നത് വായിൽ വയ്ക്കാൻ കൊള്ളാത്ത ഭക്ഷണമെന്ന് പരാതി.
കമ്മ്യൂണിറ്റി കിച്ചണിൽ സ്പോൺസർമാർ മുഖേനയും മറ്റും വിഭവങ്ങൾ ശേഖരിച്ചാണ് ദിവസേനെ മുന്നൂറോളം പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്. എന്നാൽ തൊട്ടടുത്ത ഡിസിസി യിലെ കോവിഡ് രോഗികളോട് അധികൃതർ കടുത്ത അവഗണന കാണിക്കുകയാണ്.
കഴിഞ്ഞ ഒരു മാസത്തോളമായി ആരംഭിച്ച ഡിസിസിയിൽ ശരാശരി പത്തിലധികം രോഗികൾ എല്ലാദിവസവും ഉണ്ടാവാറുണ്ട്.
രോഗബാധിതരായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പോലും സൗകര്യമില്ലാത്ത നിർധന കുടുംബങ്ങളിൽ ഉള്ളവരാണ് ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ഇത്തരം പാവപ്പെട്ട രോഗികൾക്കാണ് മോശം ഭക്ഷണം എത്തിച്ചു നൽകുന്നതെന്ന് ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞവർ തന്നെ പറയുന്നു.
പല ദിവസവും ചോറും കറിയും മാത്രമാണ് നൽകുന്നത്. രാത്രിയിൽ അതെ കറിയും ചപ്പാത്തിയും തന്നെ നൽകുന്നതായും പരാതിയുണ്ട്.
പഴകിയ കറി ആയതുകൊണ്ട് ഭക്ഷണം കഴിക്കാൻ പറ്റാതെ മിക്കദിവസങ്ങളിലും ഇവിടെയുള്ളവർ പട്ടിണി കിടക്കുകയാണെന്നും വല്ലപ്പോഴുമെത്തുന്ന വാർഡ് മെമ്പറോട് പരാതി പറഞ്ഞ് മടുത്തതായും ഇവർ പറയുന്നു.
കഴിഞ്ഞദിവസം മോശം ഭക്ഷണം നൽകുന്നതിനെ ചൊല്ലി ബഹളം വെച്ചതോടെ പഞ്ചായത്ത് അധികൃതർ പോലീസിനെ വിളിച്ചുവരുത്തി ഭയപ്പെടുത്തിയതായുള്ള ഗുരുതര ആരോപണവും ഇവർ ഉന്നയിക്കുന്നു.
സ്ഥലത്തെത്തിയ എസ്ഐയുടെ നിർദ്ദേശപ്രകാരം ഇവർക്ക് വീടുകളിൽ നിന്നാണ് രണ്ടുദിവസമായി ഭക്ഷണം എത്തിച്ചു നൽകുന്നത്.
കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകാൻ എന്ന പേരിൽ ആളുകളിൽ നിന്നും വലിയ തുക പിരിച്ചും സ്പോൺസർഷിപ്പിലൂടെയും മുന്നൂറോളം പേർക്ക് ബിരിയാണിയും കബ്സയും മന്തിയും സദ്യയുമെല്ലാം വെച്ച് വിളമ്പുന്ന കമ്മ്യൂണിറ്റി കിച്ചൻ ഉള്ളപ്പോഴാണ് നല്ല ഭക്ഷണം കിട്ടാൻ ഏറെ അർഹതയുള്ള ഈ പാവപ്പെട്ട രോഗികൾക്ക് ഒരു നേരം പോലും ഇവ എത്തിച്ചു നൽകാതെ പഞ്ചായത്ത് അധികൃതർ ക്രൂരത തുടരുന്നത്. പാവപ്പെട്ട കോവിഡ് രോഗികളോട് കാണിക്കുന്ന അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.