ചാരുംമൂട്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കോവിഡ് കാലത്ത് സർവീസ് നിലച്ചതിനെ തുടർന്ന് കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാൻ ബിരിയാണി ചലഞ്ചുമായി അധ്യാപകരും പി ടി എയും നാട്ടുകാരും രംഗത്തിറങ്ങി.
നൂറനാട് പള്ളിക്കൽ ഗവ. എസ് കെ വി എൽ പി സ്കൂളിലെ കട്ടപ്പുറത്തായ സ്കൂൾ ബസ് നിരത്തിലിറക്കാനാണ് അധ്യാപകരും പി ടി എ യും രക്ഷകർത്താക്കളും നാട്ടുകാർ ഉൾപ്പെടുന്ന സന്നദ്ധ പ്രവർത്തകരും സംയുക്തമായി ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്.ബിരിയാണി ചലഞ്ചിലൂടെ സുമനസുകളിൽ നിന്നും എഴുപതിനായിരം രൂപ ഇവർ സ്വരൂപിച്ചു.
നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചപ്പോൾ കഴിഞ്ഞ രണ്ടുവർഷമായി സർവീസില്ലാതെ സ്കൂൾ ബസ് കയറ്റി ഇട്ടിരിക്കുകയായിരുന്നു.
പുതിയ അധ്യയനവർഷം വരുന്പോൾ വാഹനം അറ്റകുറ്റപ്പണി നടത്താതെ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ്.
സർക്കാർ സ്കൂൾ ആയതിനാൽ സാന്പത്തികം സ്വരൂപിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതിനെ തുടർന്നാണ് സ്കൂളിലെ അധ്യാപകരും പി ടി എ യും, വികസന സമിതിയും നാട്ടുകാരും സംയുക്തമായി ബിരിയാണി ചലഞ്ചുമായി രംഗത്തിറങ്ങിയത്.