കോഴിക്കോട് : ജയില്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച മൊബൈല്‍ കൗണ്ടറുകള്‍ സൂപ്പർഹിറ്റ്.
മാനാഞ്ചിറ എല്‍ഐസി ഓഫിസിനോട് ചേര്‍ന്നും പുതിയറയിലും ആരംഭിച്ച സഞ്ചരിക്കുന്ന കൗണ്ടറുകളാണ് വന്‍ വിജയമായത്. ആവശ്യക്കാരേറേയുമുള്ളത് ബിരിയാണിക്കാണ്.
ആദ്യഘട്ടത്തില്‍ 150 ബിരിയാണികളാണ് വില്പ്പനയ്ക്കെത്തിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 175 ബിരിയാണി വരെ വില്‍ക്കുന്നുണ്ട്.
ഉച്ചയ്ക്ക് രണ്ടോടെ തന്നെ ബിരിയാണി വിറ്റഴിയും. ആവശ്യക്കാരേറെയെത്തുന്നതിനാല് വരും ദിവസങ്ങളില്‍ ബിരിയാണിയുടെ എണ്ണം കൂട്ടുമെന്നും ജയില്‍വകുപ്പ് അറിയിച്ചു.
ഇതിനു പുറമേ മറ്റു വിഭവങ്ങള്‍ക്കും ആവശ്യക്കാരെത്തുന്നുണ്ട്. ചിക്കന്‍ ബിരിയാണി (65 രൂപ), ചില്ലി ചിക്കന്‍ (60), ചപ്പാത്തി (പത്തെണ്ണത്തിന് 20 രൂപ), ചിക്കന്‍ കറി (25), വെജിറ്റബിള്‍ കറി (15), മുട്ടക്കറി (15), കുപ്പിവെള്ളം (10) രൂപയുമാണ് വില.
ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ ഇടവേളയില്ലാതെ ഫ്രീഡം ഫുഡ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജയിലിനോട് ചേര്‍ന്ന് പുതിയറയില്‍ മാത്രമാണ് ഇതുവരെ വിഭവ വിതരണ കൗണ്ടര്‍ ഉണ്ടായിരുന്നത്.
നേരത്തെ മെഡിക്കല്‍കോളജ് ആശുപത്രി പരിസരം, കോഴിക്കോട് ബീച്ച് പരിസരം, കിഡ്സണ്‍ കോര്‍ണര്‍ എന്നിവിടങ്ങളില്‍ ഔട്ട്ലെറ്റുകള് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നടപ്പാക്കാന്‍ സാധിച്ചില്ല.