പയ്യന്നൂര്‍: കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചതിന് മര്‍ദനവും ഭീഷണിയും. ഹോട്ടലുടമ വെങ്ങരയിലെ എം.പി. സവിതയുടെ പരാതിയില്‍ പുറച്ചേരിയിലെ രാജേഷ് (40), വിജേഷ് (30) എന്നിവരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പയ്യന്നൂര്‍ കോളജ് സ്റ്റോപ്പിനു സമീപം പ്രവര്‍ത്തിക്കുന്ന ചെമ്പല്ലി ഹോട്ടലില്‍നിന്നു ബിരിയാണി കഴിച്ച് പണം കൊടുക്കാതെ പോയതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ഹോട്ടല്‍ നടത്തുന്ന പരാതിക്കാരിയെയും ഭര്‍ത്താവിനെയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളെ തടയാന്‍ ശ്രമിച്ചപ്പോൾ ഭര്‍ത്താവിനെ കൈയേറ്റം ചെയ്തെന്നു സവിതയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഒന്നിന് രാത്രി ഇതേ ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ഭാര്യയായ യുവതിയുടെ ചിത്രം കാറിലെത്തിയ സംഘം മൊബൈലില്‍ പകര്‍ത്തിയ സംഭവമുണ്ടായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളംവച്ചതോടെ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ കാറില്‍ രക്ഷപ്പെട്ട രണ്ടംഗ സംഘത്തിനെതിരേ യുവതി പയ്യന്നൂര്‍ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഷാജഹാന്, രാഹുല്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
ഇവര്‍ക്കെതിരേ കേസെടുത്തതിലെ വിരോധമാണ് ഇന്നലെ നടന്ന കൈയേറ്റത്തിനും ഭീഷണിക്കും കാരണമെന്ന് പരാതിയിലുണ്ട്.