തൃശൂർ: സിപിഎം തന്നെ വിലയ്ക്കെടുത്തെന്ന ആരോപണം തള്ളി ബിജെപിയുടെ മുൻ തൃശൂർ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കള്ളപ്പണക്കാരുമായി ബിജെപി സംസ്ഥാന അധ്യക്ഷന് എന്താണു ബന്ധമെന്നും സതീഷ് ചോദിച്ചു.
ബുദ്ധിമുട്ടുണ്ടെങ്കിൽ ആരിൽനിന്നെങ്കിലും പണം കടംമേടിക്കുമെന്നും ആർക്കും തന്നെ വിലയ്ക്കുവാങ്ങാൻ കഴിയില്ലെന്നും സതീഷ് മാധ്യമങ്ങളോടു പറഞ്ഞു. “കോഴിക്കോട്ടുനിന്നു കൊണ്ടുവന്ന കള്ളപ്പണത്തിൽ ഒരു കോടി സുരേന്ദ്രൻ അടിച്ചുമാറ്റിയെന്ന് ധർമരാജൻ എന്നോടു പറഞ്ഞിട്ടുണ്ട്.
30 വർഷമായി ബിജെപി പ്രവർത്തകനാണ്. പാർട്ടിപ്രവർത്തനം നടത്തിയതിന്റെ പേരിലുള്ള കേസുകളാണ് എനിക്കെതിരേയുള്ളത്. വ്യക്തിപരമായ കേസുകളില്ല. എന്നാൽ, എല്ലാവരുടെയും കള്ളപ്പണം ഇടപാടുകളും പാർട്ടിയെ വഞ്ചിച്ച വിവരങ്ങളും അറിയാം. ഇവ പുറത്തുവിടും’’- സതീഷ് പറഞ്ഞു.
ശോഭ സുരേന്ദ്രൻ തിടുക്കപ്പെട്ടുനടത്തിയ പത്രസമ്മേളനത്തെയും സതീഷ് തള്ളി. “അവരുടെ പേര് മാധ്യമങ്ങൾക്കുമുന്പിൽ പറഞ്ഞിട്ടില്ല. ആരെ തൃപ്തിപ്പെടുത്താനാണ് ശോഭ കള്ളംപറയുന്നത്? ശോഭയെ പാർട്ടിയുടെ ജില്ലാ ഓഫീസിൽ കടത്തരുതെന്നു പറഞ്ഞയാളാണ് തൃശൂർ ജില്ലാ അധ്യക്ഷൻ അനീഷ്കുമാർ.
പത്രസമ്മേളനം നടത്താൻ വരികയാണെങ്കിൽ അകത്തുകടത്തരുത്, മുറി പൂട്ടിയിട്ടോ എന്നു പറഞ്ഞിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റായ അവരോട് ഓഫീസിലേക്കു കടക്കരുത് എന്നുപറയാൻ എനിക്കു സാധിക്കില്ലെന്നു പറഞ്ഞു. ശോഭ പറഞ്ഞിട്ടല്ല ഞാൻ ആരോപണം ഉന്നയിച്ചത്.
പക്ഷേ, നവംബർ-ഡിസംബർ മാസങ്ങളിൽ പറഞ്ഞാൽ എനിക്കു ഗുണമുണ്ടാകുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ എന്നാണ് അവർ പറഞ്ഞത്. അതിന്റെ അർഥം ബിജെപി സംസ്ഥാന അധ്യക്ഷപദവിയാണെന്നാണു ഞാൻ മനസിലാക്കുന്നത്.
2021 ഏപ്രിൽ രണ്ടിനു ചാക്കുകളായി ഓഫീസിൽ ധർമരാജൻ എത്തിച്ചതു പണമായിരുന്നെന്നുമാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇത് എത്രയെന്നും എന്തു ചെയ്തെന്നും ബാക്കി പണമുണ്ടായിരുന്നോ എന്നും ഞാൻ പറഞ്ഞിട്ടില്ല.
പണം ഓഫീസിൽ എത്തിച്ചെന്നു പറഞ്ഞപ്പോൾതന്നെ ജില്ലാ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് ആരോപണമുന്നയിച്ചത്. എത്ര പണം വന്നു, ആരൊക്കെ ഉപയോഗിച്ചു എന്നു വെളിപ്പെടുത്തിയാൽ ഒരുപാടു കാര്യങ്ങൾ പറയേണ്ടിവരും- സതീഷ് കൂട്ടിച്ചേർത്തു.