പുതുക്കാട്: കാഞ്ഞൂർ റോഡിലുള്ള ബിരിയാണി ഉൽപ്പന്ന മൊത്തവ്യാപാര സ്ഥാപനം കത്തി നശിച്ചു. ഇന്നു പുലർച്ച രണ്ട് മണിയോടെയായിരുന്നു സംഭവം. ചൂണ്ടക്കാട്ടിൽ ഗ്ലെൻസന്റെ ഉടമസ്ഥതയിലുള്ള ചൂണ്ടക്കാട്ടിൽ ബേക്കേഴ്സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. സമീപത്ത് ഇവരുടെ വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രവും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു.
ചൂണ്ടക്കാട്ടിൽ റോബർട്ട് ഭാര്യ മഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ ഡ്രസ് വേൾഡ് എന്ന തയ്യൽ കടയിലേക്ക് ബിരിയാണി മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് തീ പടരുകയായിരുന്നു. തയ്യൽ കടയിൽ നിന്നും തീ പടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഫർണീച്ചറുകളും കത്തി നശിച്ചിട്ടുണ്ട്.
വീടിന്റെ മുകൾ നിലയിലേക്ക് തീയും പുകയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ സംഭവം അറിയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണയ്ക്കാനായത്. അപ്പോഴേയ്ക്കും ഇരു സ്ഥാപനങ്ങളും പൂർണമായും കത്തി നശിച്ചിരുന്നു. സമീപത്തെ സ്ഥാപനങ്ങളിലേയ്ക്കും, തീ പടരുന്നത് ഫയർഫോഴ്സ് എത്തി നിയന്ത്രിച്ചു.
ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് നിഗമനം. സ്റ്റേഷൻ ഓഫീസർ പി. മുരളീധരൻ, ലിഡിംഗ് ഫയർമാൻ ജയ്സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി.