മുക്കം: ഒരു നാട്ടിലാകെ ജീവകാരുണ്യ സന്നദ്ധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വർഷങ്ങളായി മുൻപന്തിയിൽ നിൽക്കുന്ന യുവാക്കൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി നാട്ടിലേക്കിറങ്ങിയപ്പോൾ നാട് സ്വീകരിച്ചത് രണ്ട് കയ്യും നീട്ടി.
പന്നിക്കോട് പരപ്പിൽ സഹായി ആർട്സ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് മാതൃകയായത്.
ഈ കോവിഡ് ദുരിതകാലത്തും 1200 ലധികം ബിരിയാണിപ്പൊതികൾ വിൽക്കാനായത് ഈ കൂട്ടായ്മയെ ജനങ്ങൾ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു.
വിദ്യാർഥികളിലുൾപ്പെടെ വായനാശീലം കുറഞ്ഞ് വരുന്ന ഇക്കാലത്ത് നാട്ടിൽ ലൈബ്രറി ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചലഞ്ച് സംഘടിപ്പിച്ചത്.
500 ബിരിയാണി നൽകാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചലഞ്ചിലേക്ക് ബിരിയാണി ഓർഡർ 1200 ഉം പിന്നിട്ടതോടെ സംഘാടകർക്ക് ഓർഡർ നിർത്തിവയ്ക്കേണ്ട അവസ്ഥ വന്നു.
1.30 ഓടെ തന്നെ എല്ലാ വീടുകളിലും ബിരിയാണി എത്തിച്ചു നൽകാനും സംഘാടകർക്കായി. ചടങ്ങിൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം എ.കെ. ഇസ്മായീൽ വഫ നിർവഹിച്ചു.