മുക്കം: “ഒരു യാത്രയുണ്ട്, പട്ടികളെ വിലക്കെടുക്കാനൊ കൂലിക്കു നോക്കാനൊ ആളെ കിട്ടുമോ?”
ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത മുക്കം മണാശ്ശേരി ഇരട്ട കൊലപാതക കേസ് പ്രതി പി.വി.ബിർജു (53) ഒരാഴ്ച മുമ്പ് സുഹൃത്തുക്കളോട് ഫോണിൽ അന്വേഷിച്ചതാണിത്.
ബിർജുവിന് നീലഗിരിയിൽ രണ്ടു വളർത്തു നായകളുണ്ടായിരുന്നു. നാട്ടിൽ നിന്നു വാങ്ങിക്കൊണ്ടുപോയതാണിത്. ബിർജു ഇടയ്ക്കിടെ സുഹൃത്തുക്കളെ വിളിക്കു മായിരുന്നു. കുടുങ്ങാൻ പോകുന്നതിന്റെ വല്ല സൂചനയും ലഭിച്ചതാകും ഈ അന്വേഷണത്തിനു കാരണമെന്നും സുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചു.
ധാരാളം ഭൂമിയുടെ ഉടമയായിരുന്നു ഇവരുടെ കുടുംബം. അച്ഛന്റെ മരണശേഷം ഏക മകനായ ബിർജുവിനും കുറേ ഭൂമിയുണ്ടായിരുന്നു. നേരത്തേ അച്ഛൻ വിറ്റതിന്റെ ബാക്കി മകനും വിറ്റു. അവസാനം അമ്മയുടെ പത്തു സെന്റ് ഭൂമിയും ചെറിയൊരു വീടും മാത്രം. ഇത് സ്വന്തമാക്കുന്നതിനെച്ചൊല്ലിയായിരുന്നു അമ്മയും മകനും തമ്മിലുള്ള തർക്കം.
അമ്മയുമായി പിണങ്ങി ഭാര്യയും രണ്ടു കുട്ടികളുമൊത്ത് വാടക വീട്ടിലായിരുന്നു താമസം. ഇടയ്ക്ക് അമ്മയുടെ അടുത്തുമുണ്ടാകുമെന്നാണ് നാട്ടുകാര് പറയുന്നത്. അമ്മയെ കൊന്നു കെട്ടിത്തുക്കിയ ദിവസം ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല.