മുക്കം: സ്വത്ത് തട്ടിയെടുക്കാനായി സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയും ക്വട്ടേഷൻ തുക ചോദിച്ചതിന് അമ്മയെ കൊലപ്പെടുത്താൻ സഹായിച്ചയാളെയും കൊല ചെയ്ത് മൃത ദേഹാവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പ്രതി മുക്കം വെസ്റ്റ് മണാശ്ശേരി സ്വദേശി ബിർജുവിനെയുമായി ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു.
പ്രതി ബിർജുവിനെ ഇന്ന് നീലഗിരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രതിയെയുമായി അന്വേഷണ സംഘം നീലഗിരിയിലേക്ക് പോവുന്നത്. മൃതദേഹാവശഷ്ടങ്ങൾ അഗസ്ത്യൻ മുഴി പാലത്തിൽ നിന്ന് പുഴയിലേക്കും എസ്റ്റേറ്റ് ഗേറ്റിലെ റോഡരികിലും തള്ളാനായി കൊണ്ടുപോയതായി പറയുന്ന ബിർജുവിന്റെ ബൈക്കും കണ്ടെത്തുന്നതിനായാണ് നീലഗിരിയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോവുന്നത്.
അതേ സമയം മൃതദേഹത്തിന്റെ ഭാഗങ്ങൾ ബൈക്കിൽ കൊണ്ടുപോയാണ് തള്ളിയതെന്ന ബിർജുവിന്റെ വാദം പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ബൈക്കിൽ ഇത്രയധികം ദൂരത്തിൽ കുറേ കവറുകൾ കൊണ്ടുപോവാൻ സാധിക്കുമെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നുമില്ല. കാറിൽ കൊണ്ടുപോവാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞിട്ടില്ല.
നീലഗിരിയിൽ നിന്ന് ബൈക്ക് കോഴിക്കോട് എത്തിക്കും. ഇന്ന് നടക്കുന്ന ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ ഇത് തിരിച്ചറിയാനാവൂ എന്ന് ഡിവൈഎസ്പി ബിനോയി പറഞ്ഞു. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്നലെ പ്രതിയെ തെളിവെടുപ്പിന് ആദ്യമെത്തിച്ചത് എൻഐടിക്ക് സമീപത്തെ കെട്ടാങ്ങലിലാണ്. സർജിക്കൽ ബ്ലേഡുകളും മൃതദേഹാവശിഷ്ടങ്ങൾ പൊതിയാനായി ഉപയോഗിച്ച പ്ലാസ്റ്റിക് കവറും വാങ്ങിയ ലാവണ്യ സ്റ്റോറിലെത്തി മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച സർജിക്കൽ ബ്ലേഡുകൾ തിരിച്ചറിയാനായങ്കിലും പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് കവറുകൾ സ്റ്റോക്കില്ലാത്തതിനാൽ അത് കണ്ടെത്താനായില്ല. തുടർന്ന് മൃതദേഹം പൊതിയാനായി പഞ്ചസാര ചാക്ക് വാങ്ങിയ എം. എസൂപ്പർമാർക്കറ്റിലെത്തിയും തെളിവെടുത്തു.
നിരവധി ആളുകളും ബിർജുവിനെ കാണാനായി കെട്ടാങ്ങലിൽ തടിച്ച് കൂടിയിരുന്നു. ഉച്ചയ്ക്ക് ഒന്നിന് തലയും കൈകാലുകളും ഒഴികെയുള്ള ഭാഗം തള്ളിയ കാരശേരി പഞ്ചായത്തിലെ ഏസ്റ്റേറ്റ് ഗേറ്റിലെത്തിയത്. മൃത ദേഹാവശിഷ്ടം തള്ളിയ സ്ഥലം പ്രതി ബിർജു ക്രൈംബ്രാഞ്ച് സംഘത്തിന് കാണിച്ച് കൊടുത്തു. തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടിയാണ് മൃതദേഹം കൊണ്ടുവന്നതെന്ന് ബിർജു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ഭാര്യയേയും സുഹൃത്തുക്കളേയും ഉടൻ ചോദ്യം ചെയ്യും ജയവല്ലി കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച്
മുക്കം: ബിർജുവിന്റെ ഭാര്യയേയും സുഹൃത്തുക്കളേയും ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനോയി പറഞ്ഞു. ഇസ്മയിന്റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ചങ്കിൽ മാത്രമേ അത് അറിയാനാവൂ. അതിന് ശേഷമായിരിക്കും ചോദ്യം ചെയ്യലെന്നും അദ്ദേഹം പറഞ്ഞു.
ബിർജുവിന്റെ അമ്മ ജയവല്ലിയെ കൊന്ന സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസ് നിലവിൽ ക്രൈം ബ്രാഞ്ച് തന്നെയാണ് അന്വേഷിക്കുന്നതെന്നും അത് മാറാൻ സാധ്യതയില്ലന്നും ഡിവൈഎസ്പി പറഞ്ഞു. ആവശ്യമെങ്കിൽ ബിർജുവിനെ ഇനിയും കസ്റ്റഡിയിൽ വാങ്ങുമെന്നും ഡിവൈഎസ്പി ബിനോയി മാധ്യമങ്ങളോട് പറഞ്ഞു.