കോഴിക്കോട്: മൂന്നുവര്‍ഷം മുമ്പ് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം സംബന്ധിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറി. ഡിവൈഎസ്പി ബിനോയിയുടെ കീഴിലുള്ള മുക്കം ഇരട്ടക്കൊലക്കേസ് കണ്ടെത്തിയ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.
എസ്ഐമാരായ പി.ജിതേഷ്, എം.ബിജു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പറമ്പില്‍ ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്ത് കണ്ടെത്തിയ പുരുഷന്റെ മൃതദേഹം സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചത്.
ഐജി ജയരാജ് ഇക്കഴിഞ്ഞ ജനുവരി 25 ന് സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ മറ്റൊരു യൂണിറ്റായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഐജിയുടെ നിര്‍ദേശപ്രകാരം പിന്നീട് കേസ് ഡിവൈഎസ്പി ബിനോയുടെ കീഴിലുള്ള യൂണിറ്റിന് കൈമാറുകയായിരുന്നു.
മുക്കം ഇരട്ടക്കൊലക്കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇരട്ടക്കൊലക്കേസിലെ പ്രതി ബിര്‍ജുവിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്തായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ഇരട്ടക്കൊലയും കത്തക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതുമെല്ലാം ഓരേ കാലഘട്ടത്തിലായതിനാല്‍ ബിര്‍ജുവിന് പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ലോക്കല്‍ പോലീസ് മൂന്നുമാസം അന്വേഷിച്ച് ഉത്തരം കിട്ടാതിരുന്ന കേസാണിത്. 168 സെന്റീമിറ്റര്‍ പൊക്കവും എണ്‍പത് കിലോയിലധികം ഭാരവുമണ്ടായിരുന്ന മൃതദേഹം ആരുടേതാണെന്നോ ആരാണ് കൊലപ്പെടുത്തിയതെന്നോ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.
മരിച്ചയാളുടെ കൈവിരലിലെ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ വഴി തിരിച്ചറിയാനാവുമെന്ന് കേസന്വേഷിച്ച ചേവായൂര്‍ പോലീസ് കരുതി. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ നല്കാന് ആധാര്‍ ഡാറ്റാബാങ്ക് തയാറായില്ല.
തുടര്‍ന്നാണ് കേസ് 2018 ജനുവരിയില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആധാര്‍ വിവരങ്ങള്‍ ലഭിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ക്രൈംബ്രാഞ്ചും തേടിയെങ്കിലും ഫലമുണ്ടായില്ല.
മൂന്നു വര്‍ഷമായിട്ടും ലോക്കല്‍ പോലീസ് -ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മൃതദേഹം മലയാളിയുടേത് തന്നെയാണോയെന്നു പോലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതരസംസ്ഥാനത്തൊഴിലാളികളുടെ രൂപസാദൃശ്യത്തിലേയ്ക്കെത്തുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ മലയാളിയാണെന്ന സംശയത്തിലാണ് പോലീസ് നില്‍ക്കുന്നത്.
2017 സെപ്റ്റംബറില്‍ പറമ്പില്‍ ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്തായിരുന്നു പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. സൂപ്പര്‍ ഇംപോസിംഗ് സംവിധാനത്തിലൂടെയാണ് കൂടുതല്‍ വ്യക്തതയുള്ള രേഖാ ചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.