കോഴിക്കോട്: മുക്കത്തെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്. മുഖ്യപ്രതി ബിര്‍ജു ഇസ്മയിലിന്റെ മൃതദേഹ ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ മറ്റാരുടെയെങ്കിലും സഹായം തേടിയോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്.
കയ്യും തലയും ഒറ്റയ്ക്കുതന്നെ വെട്ടിമാറ്റാമെങ്കിലും അരഭാഗം മുറിച്ചുമാറ്റുന്നതിന് മറ്റാരുടെയെങ്കിലും സഹായം ബിര്‍ജു തേടിയിട്ടുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. പിതാവിനൊപ്പം കാട്ടില്‍ വേട്ടയ്ക്കുപോയ പശ്ചാത്തലം ബിര്ജുവിനുണ്ട്.
അതുതന്നെയാണ് മൃഗീയമായ രീതിയില്‍ കൃത്യം നടത്തുന്നതിലേക്ക് ബിര്‍ജുവിനെ എത്തിച്ചത് എന്ന് വ്യക്തമാണെന്ന് പോലീസ് പറയുന്നു. ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നുവെന്നാണ് ബിര്‍ജു നല്കിയ മൊഴി. ഈ രാത്രി ബിര്‍ജു എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
സ്വന്തം അമ്മയുമായുള്ള സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ആദ്യം അമ്മയെയും പിന്നെ കൊലപാതകത്തിന് സഹായിച്ച വ്യക്തിയെയും കൊലപ്പെടുത്തുകയായിരുന്നു കണ്ടാല്‍ പാവമെന്ന് കരുതുന്ന ബിര്‍ജു. രണ്ട് തവണ ഇയാള്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം തനിക്കുനേരെ വരാന്‍ ഒരു സാധ്യതയുമില്ലെന്ന തിരിച്ചറിവിലായിരുന്നു ഇയാള്‍ .
ഇയാളെകുറിച്ച് നീലഗിരിയിലെ സമീപവാസികള്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളു. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണ് ബിര്‍ജുവിന്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പ് നടത്തിയശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. നിലവിലെ സാഹചര്യത്തില്‍ ഒറ്റയ്ക്കുതന്നെയാണ് ബിര്‍ജു കുറ്റകൃത്യം നിര്‍വഹിച്ചതെന്നാണ് പോലീസ് നിഗമനം.