മുക്കം: സ്വത്തിന് വേണ്ടി അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയും കൊലപാതകം പുറത്തറിയാതിരിക്കാനായി വാടക കൊലയാളിയേയും കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രതി വെസ്റ്റ് മണാശേരി സൗപർണ്ണികയിൽ ബിർജു(53) വിനെ രണ്ടാഴ്ച കൂടി റിമാന്‍ഡ് ചെയ്തു.
താമരശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നാണ് റിമാന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാതിരുന്നതിനെ തുടർന്ന് ഫെബ്രുവരി 12 വരെയാണ് റിമാന്‍ഡ് ചെയ്തത്.
കോടതിയിൽ എത്തിച്ച സമയത്തും യാതൊരു ഭാവഭേദവുമില്ലാതെയായിരുന്നു ബിർജു. ഇസ്മായിലിനെ കൊലപ്പെടുത്തിയത് മുൻകൂട്ടിയുള്ള തീരുമാനപ്രകാരമായിരുന്നില്ല എന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തതായിരുന്നു എന്നുമാണ് ബിർജു പറയുന്നത്.
പിറ്റേന്ന നേരം പുലർന്നാൽ പണം നൽകേണ്ടി വരുമെന്നും പണം കൈവശമില്ലാതിരുന്നതിനാൽ കൊലപ്പെടുത്തുകയായിരുന്നു എന്നും ബിർജു പറഞ്ഞു. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിഷിക്കുകയായിരുന്നു.
ബിർജുവിനെ വിവിധ പ്രദേശങ്ങളിൽ കൊണ്ടുപോയി തെളിവ് ശേഖരിച്ചിരുന്നു . അവസാനമായി 22നാണ് അന്വേഷണ സംഘം ബിർജു നിലവിൽ താമസിക്കുന്ന നീലഗിരിക്കടുത്തുള്ള പന്തല്ലൂരിലെ വീട്ടിലെത്തി തെളിവെടുത്തത്.
ബിർജുവിന്റെ ഭാര്യ ഇപ്പോഴും ഈ വീട്ടിൽ തന്നെയാണ് താമസം. അമ്മ ജയ വല്ലിയും കൊല ചെയ്യപ്പെട്ട വണ്ടൂർ ഇസ്മയിലിനെ കൊല ചെയ്ത മണാശേരിയിലെ വീട്ടിലും മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ തള്ളിയ ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെയുള്ള അഗസ്ത്യൻ മുഴിക്കടവ് പാലത്തിലും കാരശേരി പഞ്ചായത്തിലെ ഗേറേറുംപടിയിലും, സർജിക്കൽ ബ്ലേഡുകളും മൃതദേഹവശിഷ്ടങ്ങൾ പൊതിയാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ വാങ്ങിയ കട്ടാങ്ങലിലെ ലാവണ്യ സ്റ്റോറ്റിലും മൃതദേഹ ഉടൽ പൊതിയാൻ പഞ്ചസാര ചാക്ക് വാങ്ങിയ എംഎ സൂപ്പർ മാർക്കറ്റിലും സർജിക്കൽ ബ്ലേഡുകൾ വലിച്ചെറിഞ്ഞ മണാശേരി അങ്ങാടിക്കടുത്ത കവുങ്ങിൽ തോട്ടത്തിലും ക്രൈബ്രാഞ്ച് സംഘം ബിർജുവിനെ എത്തിച്ച് തെളിവെടുത്തിരുന്നു.
ആവശ്യമെങ്കിൽ വീണ്ടും ജുഡീഷ്യൽകസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈബ്രാഞ്ച് തീരുമാനം.