മാവേലിക്കര: ഓണാട്ടുകരയിൽ വിവിധ ഇടങ്ങളിൽ അതിഥികളായെത്തിയ ദേശാടനപക്ഷികൾക്ക് വൈറസ് ബാധയെന്നു ആശങ്ക. മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കൂടുവച്ചിരുന്ന പക്ഷികളിൽ ഒന്ന് ഇന്നലെ ചത്തുവീണു.
ഇതിന്റെ സാന്പിളുകൾ പരിശോധനയ്ക്കു അയച്ചിരിക്കുകയാണ്. മറ്റു കിളികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി അറിയുന്നു. സംഭവത്തിൽ ജില്ലാ വെറ്ററിനറി വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊക്കിനോടു സാദൃശ്യമുള്ള പക്ഷി കഴിഞ്ഞ കുറച്ചുനാളുകൾക്കു മുന്പാണ് ഇവിടെ കൂടുകൂട്ടിയത്.
കാലുകൾക്കു ഉണ്ടാകുന്ന തളർച്ചയും ബലക്ഷയവും പറക്കാൻ സാധിക്കാത്ത അവസ്ഥയുമാണ് രോഗലക്ഷണം. ചത്ത പക്ഷിയെ കണ്ടെടുക്കാൻ വൈകിയതിനാൽ ഇന്നലെ പോസ്റ്റുമോർട്ടം നടന്നില്ല. സാന്പിളുകൾ തിരുവല്ല മഞ്ഞാടിയിലെ ലാബിലേക്കാണ് അയച്ചിരിക്കുന്നത്.
രണ്ടുദിവസത്തിനുള്ളിൽ പരിശോധനാഫലം പുറത്തുവരുമെന്നാണ് സുചന. ജില്ലയിലെ മറ്റിടങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയാണ് പരിശോധന നടപടികൾ നടന്നത്.
ഇന്നലെ ചത്തനിലയിൽ കണ്ടെത്തിയ ദേശാടനപക്ഷിയുടെ രോഗം വ്യക്തമല്ലെന്ന് വെറ്ററിനറി സർജൻ ആർ.വി. ഹരികുമാർ വ്യക്തമാക്കി. പരിശോധനകൾക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
സമാന സാഹചര്യത്തിൽ സംഭവിച്ച പക്ഷികളുടെ മരണം പഠന വിധേയമാക്കിയിട്ടുണ്ട്. മുന്പ് ജില്ലയിൽ പക്ഷിപ്പനി ബാധ പടർന്നതിനു പിന്നിൽ ദേശാടന പക്ഷികളെന്നു വ്യക്തമായിട്ടുണ്ട്.
സൈബീരിയിൽനിന്നുമെത്തിയ പക്ഷികളിലൂടെയാണ് വൈറസ് ജില്ലയിലെത്തിയതെന്നാണു മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യമാണ് നിലവിൽ വകുപ്പിനെ ആശങ്കപ്പെടുത്തുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കു ആയിരക്കണക്കിന് ദേശാടന പക്ഷികളാണു പുഞ്ചകൃഷി ഒരുക്ക സമയത്ത് എത്തുന്നത്.
വെള്ളം വറ്റിച്ച പാടശേഖരങ്ങളിൽ നിന്നു ഇരപിടിക്കുന്നതിനുള്ള സൗകര്യവും ചേക്കേറുന്നതിനുളള സൗകര്യവും ധാരാളമുള്ളതിനാലാണ് കൂടുതൽ ദേശാടന പക്ഷികൾ എത്തുന്നത്.