പഴയന്നൂർ: സഹപാഠിക്കുനേരെ മുട്ടയെറിഞ്ഞ് ബസ് സ്റ്റാൻഡിൽ നടത്തിയ പിറന്നാൾ ആഘോഷം അതിരുകടന്നപ്പോൾ ടാക്സി ഡ്രൈവർമാർ പിടിച്ച് പോലീസിലേൽപിച്ചു. പഴയന്നൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം അരങ്ങേറിയത്. പ്ലസ് ടു വിദ്യാർഥികളായ നാലഞ്ചുപേർ ചേർന്നാണ് കൂട്ടുകാരനു നേരെ മുട്ടയെറിഞ്ഞ് ആഘോഷമാക്കിയത്.
ഒടുവിൽ മുട്ടകൾ അടുത്തുനിന്ന യാത്രക്കാരുടെ ദേഹത്തും സ്റ്റാൻഡിലെ ടാക്സി കാറുകളിലും ചെന്നു പതിച്ചതോടെയാണ് ഡ്രൈവർമാർ ഇടപെട്ടത്. പിന്നീട് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും ഓരോരുത്തരുടെ കൈയിൽ നാലഞ്ച് മുട്ടകൾ അടങ്ങിയ കവറുകൾ ഉണ്ടായിരുന്നു. പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.