പാലക്കാട്: കുട്ടികളുടെ ജനന സർട്ടിഫിക്കേറ്റ് ഓഫീസ് ആവശ്യം കഴിഞ്ഞാലുടനേ സ്കൂൾ അധികൃതർ രക്ഷകർത്താക്കൾക്ക് മടക്കി നല്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
വല്ലപ്പുഴ വിസിഎം എൽപി. സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികളുടെ ജനന സർട്ടിഫിക്കേറ്റ് 14 ദിവസത്തിനകം മടക്കി നല്കിയില്ലെങ്കിൽ പാലക്കാട് വിദ്യാഭ്യാസ ഉപമേധാവി ഇടപെട്ട് സർട്ടിഫിക്കറ്റ് വാങ്ങി രക്ഷകർത്താക്കൾക്ക് നല്കിയശേഷം നാലാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലമുണ്ടായ അധിക നഷ്ടമായ 23,900 രൂപ പ്രധാനാധ്യാപികയിൽനിന്നും ഈടാക്കി നല്കണമെന്ന വി.ടി.ആമിനയുടെ പരാതി പിന്നീട് പരിഗണിക്കുമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
വല്ലപ്പുഴ സ്വദേശിനി വി.ടി.ആമിനയും നിവേദ്യയും സമർപ്പിച്ച പരാതികളിലാണ് നടപടി. വല്ലപ്പുഴ വിസിഎം എൽപി സ്കൂൾ പ്രധാനാധ്യാപികക്ക് എതിരെയാണ് പരാതികൾ. രണ്ടുവർഷം കഴിഞ്ഞിട്ടും കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നല്കിയില്ലെന്നാണ് പരാതി.
കുട്ടിയുടെ ചികിത്സ നടത്താൻ ജനനസർട്ടിഫിക്കറ്റ് ഇല്ലാത്തതുമൂലം സഹായം ലഭിച്ചില്ലെന്നും നഷ്ടമുണ്ടായ തുക പ്രധാനാധ്യാപികയിൽനിന്നും ഈടാക്കി നല്കണമെന്നും പരാതിക്കാരിയായ ആമിന ആവശ്യപ്പെട്ടു.
കമ്മീഷൻ പ്രധാനാധ്യാപികയിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. നാലുമാസത്തെ സമയം അനുവദിച്ചിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. പ്രധാനാധ്യാപികയിൽ നിന്നുണ്ടായ നടപടി ഗൗരവമായെടുക്കുമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സ്കൂൾ മാനേജരെയും കമ്മീഷൻ വിമർശിച്ചു. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് പ്രധാനാധ്യാപിക വീട്ടിൽ സൂക്ഷിക്കാറാണ് പതിവെന്ന് പരാതിക്കാരി ആരോപിച്ചു.
ഇതേ സ്കൂളിലെ അധ്യാപകർക്ക് ലഭിക്കേണ്ട ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളും അധ്യാപിക തടഞ്ഞുവച്ചിരിക്കുകയാണെന്ന മറ്റൊരു പരാതി കമ്മീഷന്റെ പരിഗണനയിലാണ്. ജനനസർട്ടിഫിക്കറ്റ് നല്കാത്ത കേസ് ഒക്ടോബറിൽ വീണ്ടും പരിഗണിക്കും.