മട്ടന്നൂർ: ഒരുമിച്ചു പിറന്ന പിഞ്ചോമനകളുടെ പിറന്നാൾ ആഘോഷിച്ചു ബന്ധുക്കളും ആശുപത്രി അധികൃതരും. മട്ടന്നൂർ എച്ച്എൻസി മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലാണ് ഈ അപൂർവ ആഘോഷം സംഘടിപ്പിച്ചത്. ഇരിട്ടി വള്ള്യാട് പുത്തൻ പുരയിൽ ഷിബു- രമ്യ ദമ്പതികളുടെ മക്കളായ അമിയ, അർച്ച, അമിലിയ എന്നീ പിഞ്ചോമനകളുടെ ഒന്നാം പിറന്നാൾ ആഘോഷമാണ് ആശുപത്രിയിൽ നടത്തിയത്.
ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിലാണ് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകളുടെ ബന്ധുക്കളെയും ആശുപത്രി ജീവനക്കാരെയും മറ്റും പങ്കെടുപ്പിച്ചു ആഘോഷം നടത്തിയത്. മൂന്നു കുരുന്നുകളും കേക്ക് മുറിച്ചാണ് തങ്ങളുടെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ കുരുന്നുകൾക്ക് ആശുപത്രി മാനേജ്മെന്റിന്റെ ഉപഹാരവും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർക്ക് മധുരവും നൽകി.
കഴിഞ്ഞ വർഷം ഏപ്രിൽ 23നു രാവിലെയാണ് രമ്യ മൂന്ന് പെൺകുട്ടികൾക്ക് ജന്മം നൽകിയത്. ഡോ. രേഖയുടെ ശുശ്രൂഷയിലായിരുന്നു പ്രസവം നടന്നത്. പിറന്നാൾ ആഘോഷ ചടങ്ങിൽ പബ്ലിക്ക് റിലേഷൻ മാനേജർ റാഫി പാറയിൽ അധ്യക്ഷത വഹിച്ചു. ഡോ.ആർ. രേഖ, ഡോ.അഹമ്മദ് നസീഫ്, ഡോ.അശ്വനി, ഷിജാസ് മംഗലാട്ട്, എം.ഷമ്മാസ്, അബിൻ ബാബു, പാറയിൽ സജീർ എന്നിവർ പ്രസംഗിച്ചു.