ലണ്ടനിലെ എലിസബത്ത് രാഞ്ജിയുടെ 90 ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞ ഏപ്രില്‍ മാസം നടത്തിയപ്പോള്‍ പോലും പങ്കെടുത്തത് പതിനായിരം ആളുകളാണ്. എന്നാല്‍ മെക്സികോ സ്വദേശിനിയായ റൂബി ഇബാര ഗാര്‍ഷ്യ എന്ന 15 വയസുകാരിയുടെ പിറന്നാള്‍ ആഘോഷത്തില്‍ സംബന്ധിക്കാന്‍ പോകുന്നത് 13 ലക്ഷം ആളുകളാണ്.
ഏക മകളുടെ 15 ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി റൂബിയുടെ പിതാവ് ക്രിസന്ഷ്യോ ഇബാര ഗാര്‍ഷ്യയാണ് ഏവരെയും ക്ഷണിച്ചത്. താന്‍ ഉള്‍പ്പെടുന്ന സാന്‍ ലൂയിസ് പൊട്ടോസി എന്ന സമുദായത്തിലുള്ളവരെ ക്ഷണിക്കാന്‍ ഉദ്ദേശിച്ചാണ് ഗാര്‍ഷ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ വീഡിയോ രൂപത്തിലുള്ള ഗാര്‍ഷ്യയുടെ ക്ഷണം പബ്ലിക് പോസ്റ്റിലായിരുന്നതിനാല് അത് പെട്ടെന്ന് വൈറലാവുകയായിരുന്നു. അതോടെ കണ്ടവര്‍ കണ്ടവര്‍ റൂബിയ്ക്ക് ആശംസകളര്‍പ്പിച്ച് കൊണ്ട് പോസ്റ്റിടുകയും ഗാര്‍ഷ്യയുടെ ക്ഷണം തങ്ങള്‍ സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു.
ഞങ്ങളുടെ മകള്‍ റൂബിയുടെ പിറന്നാള്‍ ഈ വരുന്ന ഡിസംബര്‍ 26 ന് ആഘോഷിക്കുന്നു. തദവസരത്തിലേക്ക് താങ്കളെ പ്രത്യേകം ക്ഷണിക്കുന്നു എന്നതാണ് ഗാര്‍ഷ്യയുടെ പോസ്റ്റിന്റെ ഉള്ളടക്കം.
പെണ്‍കുട്ടികളുടെ 15 ാം പിറന്നാള്‍ മെക്സിക്കോയില്‍ വലിയ ആഘോഷമാണെങ്കിലും ഇത്രയും വലിയ ഒരു പിറന്നാള്‍ ആഘോഷം മെക്സിക്കോയില്‍ പോലും ഇതാദ്യമായിരിക്കും.
തന്റെ വീഡിയോ എങ്ങനെയാണ് ഇത്രയും വൈറലായതെന്നോര്ത്ത് ഗാര്‍ഷ്യയ്ക്ക് ആശ്ചര്യമുണ്ടെങ്കിലും മകളുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ഗാര്‍ഷ്യയും കുടുബാംഗങ്ങളും.