ബെയ്ലി സെല്ലറിന് പതിനാറു വയസുള്ളപ്പോഴാണ് പിതാവ് മൈക്കിൾ സെല്ലർ പാൻക്രിയാസ് കാൻസർ മൂലം മരണമടഞ്ഞത്. തന്റെ അസാന്നിധ്യത്തിൽ മകൾ വിഷമിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്ന ഈ പിതാവ് തന്റെ മകളുടെ ഓരോ ജന്മദിനത്തിലും സമ്മാനം എത്തിച്ചു നൽകുവാനുള്ള ഏർപ്പാട് നടത്തിയതിനു ശേഷമാണ് ഇഹലോകവാസം വെടിഞ്ഞത്.
ബെയ്ലിക്ക് ഇപ്പോൾ 21 വയസായി. പലവർണങ്ങളിലുള്ള പൂക്കളും സന്ദേശവുമാണ് മൈക്കിൾ തന്റെ മകൾക്ക് കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അയച്ചു നൽകിയിരുന്നത്. പതിനേഴാം ജന്മദിനത്തിലാണ് ബെയ്ലിയെ തേടി പിതാവിന്റെ ആദ്യത്തെ സമ്മാനം എത്തിയത്. അടുത്ത നാലു വർഷം അവളെ തേടി തന്റെ പിറന്നാൾ സമ്മാനം എത്തുമെന്നും അദ്ദേഹം ആ സന്ദേശത്തിൽ എഴുതിയിരുന്നു. എല്ലാ ജന്മദിനത്തിനും രണ്ടു ദിവസങ്ങൾക്കു മുന്പാണ് ബെയ്ലിയെ തേടി സമ്മാനമെത്തുക.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബെയ്ലിയുടെ ഇരുപത്തിയൊന്നാം പിറന്നാൾ. മനോഹരമായ പൂക്കൾക്കൊപ്പം പിതാവിന്റെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പും അതിലുണ്ടായിരുന്നു. അദ്ദേഹം എഴുതിയത് വായിച്ചപ്പോൾ അദ്ദേഹം തന്റെയൊപ്പമുള്ളതുപോലെയുള്ള അനുഭവമാണ് തോന്നിയിരുന്നതെന്ന് ബെയ്ലി പറയുന്നു.
അതിൽ എഴുതിയിരുന്നത് ഇങ്ങനെ: “ഇനി നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതു വരെ എന്റെ അവസാനത്തെ സ്നേഹകുറിപ്പാണിത്.. നീ എനിക്കുവേണ്ടി കണ്ണീർ പൊഴിക്കരുത്. ഞാൻ നല്ലൊരിടത്താണുള്ളത്. ഇത് നിന്റെ ഇരുപത്തിയൊന്നാം പിറന്നാളാണ്. നിന്റെ അമ്മയെ നീയെന്നും ബഹുമാനിക്കണം. സന്തോഷവതിയായും സത്യസന്ധയുമായി ജീവിതം മുഴുവൻ ജീവിച്ചു തീർക്കണം. നിന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങളിലും നിനക്കൊപ്പം ഞാൻ ഉണ്ടാകും. ചുറ്റും നോക്കൂ.. ഞാൻ ഇവിടെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ജന്മദിനാശംസകൾ…’
ടെന്നസി സ്റ്റേറ്റ് സർവകലാശാലയിലെ വിദ്യാർഥിനിയാണ് ബെയ്ലി. പിതാവ് അയച്ച പൂക്കളുടെയും എഴുത്തുകളുടെയും ചിത്രങ്ങൾ ബെയ്ലി സെല്ലേഴ്സ് ട്വീറ്റ് ചെയ്തതിനെ തുടർന്ന് വൈറലായി മാറുകയാണ്.