തൊടുപുഴ: സമൂഹമനസാക്ഷിയെ ഞെട്ടിച്ച് പിറന്നാൾ ആഘോഷം നടത്തിയ കോളജ് വിദ്യാർഥികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം വിദ്യാർഥികളുടെ നേതൃത്വത്തിൽ സഹപാഠിയെ വൈദ്യുത പോസ്റ്റിൽ ബന്ധിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ തൊടുപുഴയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പീഡനത്തിന് ഇരയായ വിദ്യാർഥിയോട് ഇന്നു തൊടുപുഴ പോലീസ് സ്്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പീഡനത്തിന് ഇരയായ വിദ്യാർഥി കേസു കൊടുക്കാൻ വിസമ്മതിച്ചതായാണ് സൂചന. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കുമോ എന്നും സംശയമുണ്ട്.
ആരും തലയിൽ കൈവച്ചു പോകുന്ന ചാണകവെള്ള അഭിഷേകം വരെയുള്ള കാടത്തരങ്ങളാണ് ഈ കുട്ടികൾ വീഡിയോ ചിത്രീകരിക്കാൻ വേണ്ടി സഹപാഠിയോട് കാട്ടിക്കൂട്ടിയത്. പീഡന ദൃശ്യങ്ങൾ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചിട്ടുണ്ട്.
കൈകൾ രണ്ടും പിന്നിലേക്ക് കെട്ടി റോഡരികിലെ കോണ്ക്രീറ്റ് പോസ്റ്റിൽ ബന്ധനസ്ഥനായ നിലയിൽ കിടക്കുന്ന വിദ്യാർഥിയുടെ ദേഹത്ത് പല തരത്തിലുള്ള ദ്രാവകങ്ങൾ കുപ്പികളിൽ കലക്കി ഒഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ, പല നിറത്തിലുള്ള വർണ പൊടികൾ മുഖത്തും തലയിലും ഷർട്ടിനകത്തും വരെ വിതറിയും കുപ്പിയിൽ കലക്കിയ ചാണക വെള്ളം ഒഴിച്ചുമാണ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നത്.
കൂട്ടംചേർന്നുള്ള ആക്രമണത്തിൽ ക്ഷീണിതനായ സഹപാഠിയോട് മുഖമുയർത്താൻ ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. കണ്ണിലേക്ക് ഈ ദ്രാവകം വീഴുന്പോൾ കൈകൊണ്ട് തുടയ്ക്കാൻ പോലും ആവാതെ കുട്ടി തല ഒന്ന് മുകളിലേക്ക് ഉയർത്തുക പോലും ചെയ്യാതെ നിസഹായനായി കിടക്കുകയാണ്.
പരീക്ഷയ്ക്കു മുന്നോടിയായി 26, 27 തീയതികളിൽ കോളജിന് അവധിയായിരുന്നു. ഈ ദിവസങ്ങളിലായിരിക്കാം സംഭവം നടന്നതെന്നു പോലീസിനു വിവരം ലഭിച്ചു. ആഷിഫ് എന്ന വിദ്യാർഥിയെയാണ് കോളജിനു സമീപത്തെ റോഡിലെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ആഘോഷം നടത്തിയ സംഘത്തിൽ 12 പേരുണ്ടായിരുന്നു. ക്ലാസ് ഇല്ലാതിരുന്നതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും കോളജ് അധികൃതർ പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.